മക്കൾ പറഞ്ഞു, ശ്രീദേവി അയൺ വുമണായി
തിരുവനന്തപുരം: സ്വിമ്മിംഗ് പൂളിൽ ഇറങ്ങാൻ പോലും പേടിയായിരുന്നു ഡോ. ശ്രീദേവി വാര്യർക്ക്. പക്ഷേ 'അയൺ വുമണാകണം" എന്ന മക്കളുടെ ആഗ്രഹത്തിനായി അവർ 1.9 കിലോമീറ്റർ കടലിൽ നീന്തി. പിന്നെ 21 കിലോമീറ്റർ ഓടി. ഒടുവിൽ 90 കിലോമീറ്റർ സൈക്കിളും ചവിട്ടി. അങ്ങനെ 112 കിലോമീറ്റർ പൂർത്തിയാക്കി ലോകപ്രശസ്തമായ അയൺമാൻ 70.3 ചലഞ്ചിൽ ജയിച്ചു. കേരളത്തിൽ നിന്ന് ഇക്കുറി ഈ നേട്ടത്തിലെത്തിയ ഏക വനിതയും നോർത്ത് പറവൂർ സ്വദേശിയായ ശ്രീദേവിയാണ്.
ഗോവയിൽ നടന്ന ചലഞ്ചിൽ 30 രാജ്യങ്ങളിൽ നിന്നായി 800ലധികം പേർ പങ്കെടുത്തു. യോസ്ക ഇന്റർനാഷണൽ എന്ന സംഘടനയാണ് വർഷവും മത്സരം നടത്തുന്നത്. പാലിയം ഇന്ത്യയിലെ ട്രെയിനിംഗ് വിഭാഗം മേധാവി കൂടിയായ ഡോ. ശ്രീദേവി മൂന്നുവർഷമായി അയൺമാൻ ചാലഞ്ചിനായി പരിശീലിക്കുന്നുണ്ട്. ജോലി സംബന്ധമായി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമാണ് താമസം. ആദ്യം തിരുവനന്തപുരത്തെ റണ്ണേഴ്സ് ക്ലബിൽ അംഗമായി. അവിടുള്ളവരിലൂടെയാണ് അയൺമാൻ ചലഞ്ചിനെക്കുറിച്ചറിഞ്ഞത്. പുലർച്ചെ നാലിനായിരുന്നു ഓട്ടപ്പരിശീലനം. കുട്ടിക്കാലത്ത് ചെയ്തിരുന്ന സൈക്ലിംഗ് വീണ്ടും ട്രാക്കിലാക്കി.
ട്രിവാൻഡ്രം ക്ലബിലെ പൂളിൽ നീന്തൽ പഠിച്ചു. കൊച്ചി പുതുവൈപ്പിലെ കടലിൽ ഡോൾഫിൻ സീ സ്വിമ്മേഴ്സ് എന്ന സംഘടനയ്ക്കൊപ്പം പരിശീലനം ഉഷാറാക്കി. ശ്രീചിത്രയിലെ ഡോ. രവിപ്രസാദ് വർമ്മയാണ് ഭർത്താവ്.
'ഷവറിൽ നിന്ന് വെള്ളം വീഴുന്നതു പോലുമെനിക്ക് ഭയമായിരുന്നു. പതിമൂന്നും പതിനൊന്നും വയസുള്ള മക്കൾ ഗൗതമും ഗംഗയുമായിരുന്നു മോട്ടിവേഷൻ. അമ്മ പേടിയെ തോൽപ്പിച്ച് അയൺ വിമണായി വാ എന്നവർ പറഞ്ഞു".
- ഡോ. ശ്രീദേവി വാര്യർ
ജെല്ലിഫിഷിന്റെ ഗോവൻ കടൽ
800 പേർക്കൊപ്പം ഗോവൻ കടലിലിറങ്ങിയ അനുഭവം ശ്രീദേവിക്ക് മറക്കാനാവില്ല. ജെല്ലിഫിഷുൾപ്പെടെ കാലിൽ തടയും. മത്സരാർത്ഥികളിൽ 79 പേർ വനിതകളായിരുന്നു.
അയൺമാൻ 70.3
70.3 മൈലാണ് (112 കിലോമീറ്റർ) മുഴുവൻ മത്സരം.
എട്ടരമണിക്കൂറിനകം പൂർത്തിയാക്കണം.