തമ്പാനൂരിൽ പോര് പഴയ മിത്രങ്ങൾ തമ്മിൽ
തിരുവനന്തപുരം: പഴയ മിത്രങ്ങൾ പരസ്പരം പോരിനിറങ്ങിയിരിക്കുന്നതിന്റെ ആവേശപ്പോരാട്ടമാണ് നഗരസഭയിലെ തമ്പാനൂർ വാർഡിൽ. മുൻ കൗൺസിലർമാരുടെ പോരാട്ടമാണ് നടക്കുന്നത്. തുടർച്ചയായി മത്സരിക്കുന്നതിന്റെ പോരാട്ടവീര്യത്തിലാണ് മൂവരും. അടുത്തിടെ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തി സംസ്ഥാന സമിതിയംഗമായ തമ്പാനൂർ സതീഷും ഡി.സി.സി സെക്രട്ടറിയും ബ്ലോക്ക് പ്രസിഡന്റുമായ ആർ.ഹരികുമാറും (യു.ഡി.എഫ്) സി.പി.ഐ തമ്പാനൂർ ലോക്കൽ കമ്മിറ്രി സെക്രട്ടറി അഡ്വ.എം.വി.ജയലക്ഷ്മിയും (എൽ.ഡി.എഫ്) തമ്മിലാണ് മത്സരം. രണ്ടുതവണയായി സി.പി.ഐ വിജയിച്ച വാർഡാണ് തമ്പാനൂർ. 2015-20ൽ വിജയിച്ചയാളാണ് എം.വി.ജയലക്ഷ്മി. കഴിഞ്ഞ തവണ സി.പി.ഐയുടെ സി.ഹരികുമാറാണ് വിജയിച്ചത് (1728 വോട്ട്). കോൺഗ്രസിലെ അനിത 1395 വോട്ടും ബി.ജെ.പിയിലെ എം.ബിജു 1122 വോട്ടും നേടി.
1995- 2005 കാലത്ത് രണ്ടുതവണ തമ്പാനൂർ വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നയാളാണ് തമ്പാനൂർ സതീഷ്. ആ സമയത്ത് സെക്രട്ടേറിയറ്റ് വാർഡിലെ കൗൺസിലറായിരുന്നു ഹരികുമാർ. 2005-10 കാലത്ത് ഹരികുമാറിന്റെ ഭാര്യ ബിജു ഹരികുമാറും 2010-15ൽ ആർ.ഹരികുമാറും തമ്പാനൂരിൽ കൗൺസിലറായി.
ഇടതിലേക്കും വലതിലേക്കും മാറിമറിഞ്ഞാണ് വിധിയെഴുത്തുണ്ടായതെങ്കിലും കാലങ്ങളായി തമ്പാനൂരിൽ നേരിടുന്ന വെള്ളക്കെട്ടും ഗതാഗതക്കുരുക്കേറിയ റോഡുകളും രാജാജിനഗറിലെ വികസനവുമൊക്കെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലും പ്രധാന ചർച്ചാവിഷയം. റെയിൽവേ സ്റ്റേഷന്റെയും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെയും വെള്ളക്കെട്ടിന് കാരണം നഗരസഭയിലെ മുൻ ഭരണസമിതികളുടെ കാര്യക്ഷമതയില്ലായ്മയാണെന്ന് ബി.ജെ.പിയും കോൺഗ്രസും ആരോപിക്കുമ്പോൾ,പ്രശ്നം റെയിൽവേയുടെ സഹകരണമില്ലായ്മയാണ് വികസനത്തിന് തടസമെന്ന് എൽ.ഡി.എഫ് നേതാക്കളും പറയുന്നു.