കണ്ണൂർ ജില്ലാ പഞ്ചായത്ത്: പി.പി. ദിവ്യയ്ക്ക് സീറ്റില്ല
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ഇക്കുറി സീറ്റില്ല. നിലവിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ മാത്രം വീണ്ടും മത്സരിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ സി.പി.എം മത്സരിക്കുന്ന 16 സീറ്റിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പാർട്ടി ശക്തി കേന്ദ്രമായ പിണറായി ഡിവിഷനിൽ നിന്ന് മത്സരിക്കും.
ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പി.പി. ദിവ്യ കഴിഞ്ഞ തവണ മത്സരിച്ച കല്യാശേരി ഡിവിഷൻ ഇക്കുറി പട്ടികജാതി സംവരണമാണ്. മൂന്ന് ടേം മത്സരിച്ചതു കൊണ്ടാണോ ദിവ്യയെ മാറ്റി നിറുത്തിയതെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കെ.കെ. രാഗേഷ് വ്യക്തമായ മറുപടി നൽകിയില്ല.
അതേസമയം, ദിവ്യയെ ഒഴിവാക്കിയതിന് നവീൻ ബാബു കേസുമായി ബന്ധമില്ലെന്ന് പാർട്ടി വൃത്തങ്ങൾ വിശദീകരിച്ചു. നവീൻ ബാബു കേസിൽ പ്രതിയായ ദിവ്യ കഴിഞ്ഞവർഷം ഒക്ടോബറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് കെ.കെ. രത്‌നകുമാരി പ്രസിഡന്റായി ചുമതലയേറ്റു. രത്‌നകുമാരിയും ഇക്കുറി മത്സരിക്കുന്നില്ല. നവീൻ ബാബു വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രചാരണായുധമാക്കും.