ജില്ലകളിലെ തിര. ചുമതല: കെ.പി.സി.സി നേതൃ യോഗത്തിൽ അതൃപ്തി

Thursday 13 November 2025 12:28 AM IST

തിരുവനന്തപുരം: ജില്ലകളിലെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിമാരെ ഒഴിവാക്കിയതിൽ ഇന്നലെ ചേർന്ന നേതൃയോഗത്തിൽ അതൃപ്തി. ജനറൽ സെക്രട്ടറിമാർ അസംബ്ളി മണ്ഡലങ്ങളുടെ ചുമതല നിർവഹിക്കണമെന്ന നിർദ്ദേശമാണ് പലരെയും ചൊടിപ്പിച്ചത്.

13 ജില്ലകളുടെ ചുമതല വൈസ് പ്രസിഡന്റുമാർക്കും ഒരു ജില്ലയുടേത് കേ.പി.സി.സി ട്രഷറർക്കും നൽകി നേരത്തെ സർക്കുലർ ഇറങ്ങിയിരുന്നു. തങ്ങൾ വഹിച്ചിരുന്ന ജില്ലാ ചുമതലയിൽ നിന്നൊഴിവാക്കിയത് തരംതാഴ്ത്തലിന് തുല്യമായെന്നാണ് ചിലർ യോഗത്തിൽ തുറന്നടിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വയ്ക്കാൻ കെ.പി.സി.സി നിർദ്ദേശം എല്ലാവരും പാലിക്കണമെന്ന് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.അങ്ങനെയാണ് പ്രധാനപ്പെട്ട 75 അംസബ്ളി മണ്ഡലങ്ങളുടെ ചുമതല ജനറൽ സെക്രട്ടറിമാർ വഹിക്കണമെന്ന് ധാരണയായത്. മൂന്ന് പേരെ കൂടി ഉൾപ്പെടുത്തിയതോടെ 62 ജനറൽ സെക്രട്ടറിമാരാണ് ഇപ്പോഴുള്ളത്. ചില ജനറൽ സെക്രട്ടറിമാർ ഒന്നിലധികം മണ്ഡലങ്ങളുടെ മേൽനോട്ടം വഹിക്കേണ്ടി വരും.യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകൾ നഷ്ടപ്പെടാതിരിക്കാൻ പരമാവധി ജാഗ്രതയോടെ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ തീരുമാനിച്ചു എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപാദാസ് മുൻഷി, സെക്രട്ടറി ഡോ.അറിവഴകൻ, കോൺഗ്രസ് പ്രവർത്തക സമിതിഅംഗം രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് തുടങ്ങിയവരും പങ്കെടുത്തു.