യാത്രക്കാരെ 'സൂപ്പറായി" പറ്റിച്ച് കെ.എസ്.ആർ.ടി.സി

Thursday 13 November 2025 1:30 AM IST

തിരുവനന്തപുരം: സൂപ്പ‌ർ ഫാസ്റ്റിന്റെ പേരിൽ യാത്രക്കാരെ പറ്റിച്ച് കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിൽ എറണാകുളത്തു പോകണമെങ്കിൽ 263 രൂപയാണ് നിരക്ക്. എന്നാൻ ഇവയ്‌ക്ക് പകരം 'ബ്രാൻഡന്റ് ന്യൂ" എന്ന ഓമനപ്പേരിൽ ഇറക്കിയ പുതിയ സൂപ്പർ ഫാസ്റ്റ് നോൺ എ.സി ബസുകളിൽ ഈടാക്കുന്നത് 271 രൂപ. യാത്ര കോഴിക്കോട്ടേക്കാണെങ്കിൽ 479 രൂപ 492 ആകും.

ഒരേ ക്ലാസ് ബസിൽ രണ്ട് നിരക്ക് പാടില്ലെന്നിരിക്കെയാണ് വർദ്ധന. പുതിയ ബസുകൾക്ക് സ്റ്റോപ്പ് കുറവാണ്, എല്ലാ ഡിപ്പോകളിലും കയറില്ല തുടങ്ങിയ മുടന്തൻ ന്യായങ്ങളാണ് കെ.എസ്.ആർ.ടി.സി നിരത്തുന്നത്. ബസുകൾക്ക് ലിമിറ്റഡ് സ്റ്റോപ്പായാലും നിരക്ക് കൂടുതൽ വാങ്ങാറില്ല. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ലിമിറ്റ‌‌ഡ് സ്റ്റോപ്പായി ഓടുന്നുണ്ട്. പക്ഷേ ടിക്കറ്റ് നിരക്കിൽ മാറ്രമുണ്ടാകില്ല. പ്രീമിയം എ.സി സൂപ്പർഫാസ്റ്റ് ബസുകൾ കൂടുതൽ ചാർജ്ജ് ഈടാക്കി സർവീസ് നടത്തുന്നുമുണ്ട്.

പുതിയ ബസുകൾക്ക് ഇന്ധനക്ഷമത കൂടുതലായതിനാൽ ചെലവും കുറവാണ്. എന്നിട്ടും ചാർജ് വർദ്ധിപ്പിച്ചത് പ്രതിദിന കളക്ഷൻ കൂട്ടാനുള്ള കുതന്ത്രമാണ്. ഓർഡിനറി ബസുകൾ വ്യാപകമായി സിറ്റി ഫാസ്റ്റ് ബോർഡ് വച്ച് അമിത നിരക്ക് ഈടാക്കുന്നുണ്ട്. കളിയിക്കാവിള ബസ് സർവീസൊക്കെ സിറ്റി സർവീസായിട്ടാണ് ഓടുന്നത്!

ട്രെയിൻ നോൺ എ.സി യാത്ര

ജനശതാബ്ദി

 തിരുവനന്തപുരം എറണാകുളം- 130 രൂപ

 തിരുവനന്തപുരം കോഴിക്കോട്- 180 രൂപ

മറ്റ് ട്രെയിനുകൾ (സ്ലീപ്പർ)

 തിരുവനന്തപുരം എറണാകുളം- 175 രൂപ

 തിരുവനന്തപുരം കോഴിക്കോട്- 230 രൂപ