മിസ്. റോസിക്ക് 72ൽ ഏഴാം അങ്കം
തൃശൂർ: തദ്ദേശ ജനപ്രതിനിധിയായി പരാജയമറിയാതെ മൂന്ന് പതിറ്റാണ്ട് പിന്നിട്ട എം.എൽ. റോസി 72-ാം വയസിൽ ഏഴാം അങ്കത്തിനിറങ്ങുന്നു. തൃശൂർ മുനിസിപ്പാലിറ്റി മുതൽ കാൽ നൂറ്റാണ്ട് പിന്നിട്ട കോർപറേഷനിൽ വരെ മാറ്റങ്ങളുണ്ടായെങ്കിലും റോസി കൗൺസിലിലുണ്ട്. 1995ൽ ജനതാദൾ പ്രതിനിധിയായി ആദ്യം മത്സരിച്ചത് പഴയ മുനിസിപ്പാലിറ്റി ഡിവിഷനായിരുന്ന ചേലക്കോട്ടുകരയിലായിരുന്നു.
2000 മുതൽ 2015 വരെ പറവട്ടാനിയായിരുന്നു തട്ടകം. അന്ന് ജനതാദൾ (യു) സ്ഥാനാർത്ഥി. 20 വർഷം യു.ഡി.എഫിന്റെ ഭാഗമായി. 2015ൽ പാർട്ടി സീറ്റ് നിഷേധിച്ചതോടെ എൽ.ഡി.എഫ് സ്വതന്ത്രയായി. 2015 മുതൽ 2025 വരെ കാളത്തോട്ട് വിജയിച്ചു. ഇത്തവണയും കാളത്തോട്ടാണ് മത്സരം. ഡിവിഷൻ ജനറലായാലും സ്ഥാനാർത്ഥി റോസി തന്നെ. കഴിഞ്ഞതവണ ഭൂരിപക്ഷം 83 ആയി ചുരുങ്ങിയിരുന്നു. അവിവാഹിതയായ റോസി പറവട്ടാനി പള്ളിക്ക് സമീപമായിരുന്നു താമസം.
അപ്രതീക്ഷിത ഡെപ്യൂട്ടി മേയർ
തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയറാണ് എം.എൽ. റോസി. അപ്രതീക്ഷിതമായിട്ടാണ് പദവിയിലെത്തിയത്. ഡെപ്യൂട്ടി മേയർ സ്ഥാനം അവസാനത്തെ രണ്ട് വർഷം സി.പി.ഐക്കായിരുന്നു. എന്നാൽ ഒന്നിലധികം പേർ അവകാശ വാദവുമായെത്തിയതോടെ സി.പി.ഐ ഏറ്റെടുത്തില്ല. കൗൺസിൽ യോഗത്തിന് വന്നപ്പോഴാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയാണെന്ന് റോസിയറിഞ്ഞത്. പറയാനുള്ള കാര്യം ആരോടും മുഖത്ത് നോക്കി പറയുന്ന റോസി പലപ്പോഴും മേയർക്കെതിരെയും രംഗത്തെത്തി.
എന്നെത്തേടി നാട്ടുകാർ എവിടേക്കും വരേണ്ടതില്ല. എല്ലാവരെയും കാണാൻ ഞാൻ അങ്ങോട്ടെത്തും. അതാണ് വിജയരഹസ്യം
എം.എൽ.റോസി.