പാലക്കാട്ട് ബി.ജെ.പിയിൽ തർക്കം, സ്ഥാനാർത്ഥിപ്പട്ടിക നിറഞ്ഞ് കൃഷ്ണകുമാർ പക്ഷം
പാലക്കാട്: പാലക്കാട് നഗരസഭയിലെ സ്ഥാനാർത്ഥിപ്പട്ടികയിൽ ഭൂരിഭാഗവും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ പക്ഷക്കാരെന്ന് ആക്ഷേപം. ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, കൗൺസിലറും കൃഷ്ണകുമാറിന്റെ ഭാര്യയുമായ മിനി കൃഷ്ണകുമാറും സ്ഥാനാർത്ഥിപ്പട്ടികയിലുണ്ടെന്നാണ് വിവരം. ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ്, മുതിർന്ന നേതാവ് എൻ. ശിവരാജൻ എന്നിവരെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. സീറ്റ് നിഷേധിച്ചതിനെതിരെ എൻ. ശിവരാജൻ ആർ.എസ്.എസ് നേതൃത്വത്തെ സമീപിച്ചു. ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടി ശിവരാജന് സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പ്രമീള ശശിധരൻ ഉൾപ്പെടെയുള്ളവരോട് ആലോചിച്ചില്ലെന്നും വിമർശനമുണ്ട്. പല സീറ്റുകളിലും തർക്കം തുടരുന്നുണ്ട്. അതേസമയം പാലക്കാടിന്റെ ചാർജുള്ള കെ.കെ. അനീഷ് കുമാർ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
സി.കൃഷ്ണകുമാർ വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി തയ്യറാക്കിയ പട്ടിക അംഗീകരിക്കില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട പ്രമീള ശശിധരന് സീറ്റ് നൽകരുതെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നുമാണ് കൃഷ്ണകുമാർ പക്ഷത്തിന്റെ ആവശ്യം.
നേതൃത്വത്തിനെതിരെ ഫേസ്ബുക്കിലൂടെ രാഷ്ട്രീയജീവിതം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയനെതിരെ സൈബർ അധിക്ഷേപവും തുടരുകയാണ്.