9കാരിക്ക് പീഡനം: പ്രതിക്ക് 74 വർഷം കഠിനതടവും 85,000രൂപ പിഴയും

Thursday 13 November 2025 12:53 AM IST

നാദാപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 74 വർഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ. ആയഞ്ചേരി തറോപ്പൊയിൽ സ്വദേശി കുനിയിൽ ബാലനെയാണ് (61) നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.നൗഷാദലി ശിക്ഷിച്ചത്. 2024 ജനുവരിയിലാണ് സംഭവം. കുട്ടിയുടെ അമ്മ മരിച്ച സമയം വീട്ടിൽ രക്ഷാകർത്താവായെത്തിയ പ്രതി പല ദിവസങ്ങളിലായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്കൂൾ അദ്ധ്യാപികയോട് കുട്ടി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രധാനാദ്ധ്യാപികയുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

2024 ഫെബ്രുവരി ഒന്നുമുതൽ പ്രതി ജയിലിൽ കഴിഞ്ഞുവരികയാണ്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകൾ ഹാജരാക്കി. 2024 ജനുവരി 31ന് രജിസ്റ്റർ ചെയ്ത കേസിൽ തൊട്ടിൽപ്പാലം പൊലീസ് ഇൻസ്പെക്ടർ ബിനു.ടി.എസ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് നൽകി. സബ് ഇൻസ്പെക്ടർ ആയിരുന്ന വിഷ്ണു.എം.പി, ഗ്രേഡ് എ.എസ്.ഐ സുശീല.കെ.പി എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.