കൊട്ടിയത്ത്: ഫോട്ടോ ഫ്രെയിമിംഗ് യൂണിറ്റ് കത്തിനശിച്ചു

Thursday 13 November 2025 12:55 AM IST

കൊല്ലം: കൊട്ടിയം ജംഗ്ഷനിൽ ദേശീയപാതയോരത്തുള്ള ഷാർപ്പ് ഡിജിറ്റൽ ലാബിലുണ്ടായ അഗ്നിബാധയിൽ മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ഫോട്ടോ ഫ്രെയിമിംഗ് യൂണിറ്റ് പൂർണമായും കത്തിനശിച്ചു. തീപടരുന്നത് കണ്ട് രണ്ട് വനിതാ ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു തീപിടിത്തം. രണ്ടുനില കെട്ടിടത്തിന് മുകളിൽ പ്ലൈ വുഡ് ഭിത്തികൾക്ക് മുകളിൽ ജി.ഐ ഷീറ്റ് പാകി നിർമ്മിച്ച മൂന്നാം നിലയിലായിരുന്നു അഗ്നിബാധ. ആദ്യം ട്യൂബ് ലൈറ്റ് പൊട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ യു.പി.എസിന്റെ ബാക്ടറിയിൽ നിന്ന് തീ പടർന്നു. ഇതോടെ ഫോട്ടോ ഫ്രെയിംമിംഗ് യൂണിറ്റിലുണ്ടായിരുന്നവർ താഴേക്ക് ഓടി രക്ഷപ്പെട്ടു.

ബാക്കി ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയിരിക്കുകയായിരുന്നു. മൂന്നാം നിലയിലുണ്ടായിരുന്ന 15 ബാക്ടറികൾ, രണ്ട് കംപ്രസർ യന്ത്രങ്ങൾ എന്നിവയ്ക്ക് പുറമേ ഫോട്ടോ ഫ്രെയിംമിംഗിന് ഉപയോഗിക്കുന്ന കാർഡ് ബോർഡ്, തടി തുടങ്ങിയവ കത്തിയതാണ് തീ ആളിപ്പടരാൻ കാരണമെന്ന് കരുതുന്നു. രണ്ടാം നിലയിലുണ്ടായിരുന്ന പ്രിന്റിംഗ് മെഷീനുകൾക്കും കേടുപാട് സംഭവിച്ചു.

സ്റ്റുഡിയോയുടെ താഴത്തെ നിലകളിലേക്കും തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്കും തീപടരാഞ്ഞതിനാൽ വൻ നാശനഷ്ടം ഒഴിവായി. ജില്ലാ ഫയർ ഓഫീസർ രാംകുമാറിന്റെ നേതൃത്വത്തിൽ കടപ്പാക്കട, ചാമക്കട, പരവൂർ, കുണ്ടറ ഫയർ സ്റ്റേഷനുകളിൽ നിന്ന് അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്.