നെല്ല് മാറ്റി പുതിയ കൃഷിയിലേക്ക് തിരിഞ്ഞു,​ ഒരു ചാക്കിന് കിട്ടിയിരുന്നത് 3600 രൂപ വരെ,​ ഇപ്പോഴത്തെ സ്ഥിതിയിങ്ങനെ

Thursday 13 November 2025 1:30 AM IST

വിലയില്ലായ്മയും ഉത്പ്പാദനക്കുറവും തിരിച്ചടിയായി

സുൽത്താൻ ബത്തേരി: കാച്ചിലിന്റെ വള്ളി ചുറ്റിയാണ് കയറി പോവുക. എന്നാൽ വള്ളി സ്വന്തം കാലിൽ ചുറ്റിയ അവസ്ഥയാണ് കർഷകർക്ക്. വിളവെടുപ്പ് സമയത്തുള്ള വിലയില്ലായ്മയും വിള ഉത്പ്പാദനത്തിലെ കുറവുമാണ് കർഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. കാച്ചിൽ ഗ്രാമം എന്നറിയപ്പെടുന്ന നൂൽപ്പുഴയിലെ വനഗ്രാമമായ കുമഴിയിലാണ് കർഷകർക്ക് വിളവെടുപ്പുകാലം കണ്ണീരിന്റേതായി തീർന്നത്.

കാലവാസ്ഥവ്യതിയാനവും വന്യമൃഗശല്യവും വിലക്കുറവുമാണ് ഇത്തവണ കർഷകർക്ക് തിരിച്ചടിയായത്. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള നൂൽപ്പുഴ കുമഴി കാച്ചിലിന്റെ വിളവെടുപ്പ് ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ നടക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണയും കർഷകർ കൃഷിയിറക്കിയത്. എന്നാൽ തുടർച്ചയായി പെയ്ത മഴയും പിന്നീടുണ്ടായ ഇലകരിച്ചിൽ രോഗവും പ്രതിസന്ധിയായി. ഇതിനിടെ കാട്ടാന, മാൻ, കുരങ്ങ് അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യവും കർഷകർക്ക് തിരിച്ചടിയായി. മുമ്പ് കാച്ചിൽ കൃഷി ആനയും മറ്റും തിന്നുകയോ നശിപ്പിക്കുകയോ ചെയ്തിരുന്നില്ല. അതിനാലാണ് കർഷകർ കാച്ചിൽ കൃഷിയിലേയ്ക്ക് തിരിഞ്ഞത്.

എന്നാൽ ഇപ്പോൾ ആനയടക്കമുള്ള മൃഗങ്ങളെല്ലാം കാച്ചിൽ കൃഷി നശിപ്പിക്കാൻ തുടങ്ങി. ഇതിനെയെല്ലാം അതിജീവിച്ചാണ് കർഷകർ വിളയിറക്കിയത്. വിളവെടുപ്പ് സമയുത്തുണ്ടായ വിലയിടിവാണ് കർഷകർക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. സാധാരണ നിലയിൽ ഒരു ചുവട്ടിൽ നിന്ന് രണ്ട് കിലോ വരെ കാച്ചിൽ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ അത് അരകിലോയിൽ താഴെവരെയായി മാറി. നീണ്ടുനിന്ന മഴയും രോഗബാധയുമാണ് ഇതിനുകാരണമായി. ഒരു ചാക്ക് (അറുപതുകിലോ) കാച്ചിലിന് 2100 രൂപയാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്. മുൻ വർഷമിത് 3600 രൂപവരെ ലഭിച്ചിരുന്നു.

നിലവിലെ വിലയനുസരിച്ച് മുടക്ക് മുതൽ പോലും തിരികെ ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്. നൂറ് ഏക്കർ വരുന്ന കുമഴിയിലെ വയിലിൽ അഞ്ച് വർഷം മുൻപ് വരെ പൂർണമായും നെൽകൃഷിയായിരുന്നു. എന്നാൽ കാട്ടാനയും മാനും മയിലും കുരങ്ങും കാട്ടുപന്നിയടക്കമുള്ള വന്യമൃഗ ശല്യം വർദ്ധിച്ചതോടെ നെൽകൃഷി ഉപേക്ഷിച്ചു. പട്ടാമ്പിയിലേയ്ക്ക് അടക്കം നെല്ല് കയറ്റി പോയിരുന്ന ഗ്രാമത്തിലെ കൃഷിയിടം പിന്നീട് കാച്ചിൽ കൃഷിയിലേക്ക് മാറുകയായിരുന്നു. ഇവിടത്തെ കാച്ചിലിന് ആവശ്യക്കാരേറെ ഉണ്ടായതോടെ തൊണ്ണൂറ് ശതമാനം കൃഷിയിടവും കാച്ചിൽ കൃഷിയിലേക്ക് വഴിമാറി.