ചെസ് ലോകകപ്പ്: പ്രണവിനും കാർത്തികിനും മടക്കം
അർജുൻ, പ്രഗ്‌നാനന്ദ, ഹരികൃഷ്ണ എന്നിവർ ഇന്ന് ടൈബ്രേക്കറിൽ മാറ്റുരയ്ക്കും
പനജി: ആർപോറയിലെ റിസോർട്ട് റിയോ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പിൽ നാലാം റൗണ്ടിലെ കടുത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യയുടെ വി. പ്രണവ് (റേറ്റിംഗ് 2641), കാർത്തിക് വെങ്കിട്ടരാമൻ (റേറ്റിംഗ് 2579) എന്നിവർ പുറത്തായി. ശേഷിക്കുന്ന മൂന്ന് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരായ അർജുൻ എരിഗൈസി, ആർ. പ്രഗ്‌നാനന്ദ, പെന്റല ഹരികൃഷ്ണ എന്നിവർ തങ്ങളുടെ ഇന്നലത്തെ മത്സരങ്ങൾ സമനിലയിൽ ആക്കി ടൈബ്രേക്കർ പോരാട്ടങ്ങൾക്ക് യോഗ്യത നേടി.
നാലാം റൗണ്ട് കടക്കാനുള്ള ടൈബ്രേക്കർ പോരാട്ടങ്ങൾക്കായി മൂവരു ം ഇന്ന് കരുക്കൾ നീക്കും.
പ്രണവ് ഉസ്ബെക്കിസ്താൻ താരമായ നോഡിർബക്ക് യാക്കൂബോവിനെതിരെ കടുത്ത മത്സരമാണ് കാഴ്ചവെച്ചതെങ്കിലും, മിഡിൽ ഗെയിമിൽ വരുത്തിയ നിർണായക പിഴവാണ് കളിയുടെ ഗതി മാറ്റിയത്. ഈ പിഴവിനെ തുടർന്ന് അദ്ദേഹത്തിന് ഒരു പ്രധാന പദവി നഷ്ടപ്പെടുകയും 38-ാമത്തെ നീക്കത്തിൽ തോൽവി സമ്മതിക്കുകയുമായിരുന്നു.
വിയറ്റ്നാം ഗ്രാൻഡ്മാസ്റ്റർ ലീ ക്വാങ്ങ് ലീമിനോടായിരുന്നു കാർത്തിക്ക് തോറ്റത്. ശക്തനായ എതിരാളിക്കെതിരെ കാർത്തിക് ഗെയിമിന്റെ തുടക്കത്തിൽ തന്നെ തുറന്ന പൊസിഷനിലേക്ക് പോയതാണ് തിരിച്ചടിയായത്. 22-ാമത്തെ നീക്കത്തിൽ ഉണ്ടായ സ്ഥാനപരമായ (പൊസിഷണൽ) പിഴവ് കാരണം എതിരാളിക്ക് കൂടുതൽ ആക്രമണത്തിന് അവസരം ലഭിച്ചു. കടുത്ത പോരാട്ടത്തിനൊടുവിൽ 68-ആമത്തെ നീക്കത്തിൽ കാർത്തിക് വിയറ്റ്നാം ഗ്രാൻഡ്മാസ്റ്റർ ലീ ക്വാങ്ങ് ലീമിനോട് പരാജയം സമ്മതിച്ചു.
അർജുൻ എരിഗൈസി vs. പീറ്റർ ലെക്കോ
ഹംഗറിയുടെ മുൻ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിസ്റ്റ് കൂടിയായ പീറ്റർ ലെക്കോയുടെ (റേറ്റിംഗ് 2666) ശക്തമായ പ്രതിരോധം അർജുൻ എരിഗൈസിക്ക് ഇന്നലെ മറികടക്കാൻ കഴിഞ്ഞില്ല. 6 നീക്കങ്ങൾക്കൊടുവിൽ ഇരുവരും സമനില സമ്മതിക്കുകയായിരുന്നു.
അർജുന്റെ മികച്ച ഫോം ടൈബ്രേക്കറിൽ തുണയാകുമെന്നാണ് പ്രതീക്ഷ.
ആർ. പ്രഗ്‌നാനന്ദ vs. ഡാനിൽ ഡ്യൂബോവ്
ഒന്നാം ഗെയിമിൽ സമനില നേടിയ പ്രഗ്‌നാനന്ദ, രണ്ടാം ഗെയിമിലും റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഡാനിൽ ഡ്യൂബോവിന് (റേറ്റിംഗ് 2684) യാതൊരു അവസരവും നൽകിയില്ല. 30 നീക്കങ്ങൾക്ക് ശേഷം ഇരുതാരങ്ങളും സമനില സമ്മതിച്ചു.
കഴിഞ്ഞ ലോകകപ്പിലെ റണ്ണർ അപ്പ് ആയ പ്രഗ്‌നാനന്ദ ഈ ലോകകപ്പിലും ആ പ്രകടനം കാഴ്ച വെയ്ക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഹരികൃഷ്ണ vs. നിൽസ് ഗ്രാൻഡെലിയസ്
അനുഭവസമ്പന്നനായ ഹരികൃഷ്ണ സ്വീഡന്റെ നിൽസ് ഗ്രാൻഡെലിയസിനെതിരെ (റേറ്റിംഗ് 2656) തന്റെ സ്ഥിരം തന്ത്രങ്ങൾ പയറ്റിയെങ്കിലും, നിർണായകമായ ലീഡ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. സമ്മർദ്ദനിമിഷങ്ങളെ കൈകാര്യം ചെയ്യുന്നതിൽ മിടുക്കനായ ഹരികൃഷ്ണ ടൈബ്രേക്കറിൽ മേൽക്കൈ നേടാൻ സാധ്യതയുണ്ട്.
ഈ ലോകകപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് അടുത്ത വർഷം നടക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിനുള്ള ടിക്കറ്റ് ലഭിക്കും. നിലവിലെ ലോക ചാമ്പ്യനെ നേരിടാനുള്ള അവസരം ലഭിക്കുന്ന പ്രധാന വേദിയാണിത്.
(സീനിയർ നാഷണൽ ആർബിറ്റർ & നാഷണൽ ഫെയർപ്ലേ എക്സ്പെർട്ട് ആർബിറ്ററാണ് ലേഖകൻ)