ഹലോ ടെസ്റ്റിംഗ്

Thursday 13 November 2025 3:16 AM IST

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് നാളെ മുതൽ,​ ധ്രുവ് ജുറൽ കളിക്കും നിതീഷ് കുമാറിനെ റിലീസ് ചെയ്തു

കൊൽക്കത്ത: ഇന്ത്യയും ലോകചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട ടെസ്റ്റ് പുരമ്പരയിലെ ആദ്യ മത്സരം നാളെ ആരംഭിക്കും. കൊൽക്കത്തയിലെ ഈഡൻഗാർഡൻസിൽ രാവിലെ 9.30 മുതലാണ് പോരാട്ടം. ആറ് വർഷത്തിന് ശേഷ‌മാണ് ഈഡൻ ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്. ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ശേഷമുള്ള ആദ്യ ഇന്ത്യൻ പര്യടനമാണിത്.

ഒന്നാം ടെസ്റ്റ് പടിവാതിലിൽ എത്തി നിൽക്കെ ഇന്ത്യയുടെ പതിനഞ്ചംഗ ടീമിൽ അംഗമായിരുന്ന നിതീഷ് കുമാർ റെഡ്ഡിയെ ഇന്നലെ റിലീസ് ചെയ്‌തു. രണ്ടാം ടെസ്റ്റിന് മുന്നോടിയായി താരം വീണ്ടും ടീമിനൊപ്പം ചേരും. ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും എ ടീമുകൾ ഏറ്റുമുട്ടുന്ന 3 മത്സരങ്ങൾ ഉൾപ്പെട്ട ഏകദിന പരമ്പരയിൽ കളിക്കാനാണ് നിതീഷിനെ ടെസ്റ്റ് ടീമിൽ നിന്ന് റിലീസ് ചെയ്തതെന്നാണ് വിവരം. ഇന്ന് നടക്കുന്ന ഒന്നാം ഏകദിനത്തിന്റെ വേദിയായ രാജ് കോട്ടിൽ എത്തി താരം ഇന്ത്യ എ ടീമിനൊപ്പം ചേർന്നതായാണ് റിപ്പോർട്ട്.

അതേസമയം വിക്കറ്റ് കീപ്പർമാരായ റിഷഭ് പന്തിനേയും ധ്രുവ് ജുറലിനേയും ആദ്യ ടെസ്റ്റിൽ ഇന്ത്യ കളിപ്പിക്കുമെന്നാണ് അറിയുന്നത്. ഇന്നലെ പത്രസമ്മേളനത്തിൽ ഇന്ത്യയുടെ അസി‌സ്‌റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റ് സൂചന നൽകി. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ പന്ത് തന്നെയാകും വിക്കറ്ര് കീപ്പർ. ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും എ ടീമുകൾ തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ഉൾപ്പെടെ സമീപകാലത്ത് മികച്ച ഫോമിലുള്ള ജുറൽ ബാറ്ററായി ടീമിൽ ഉണ്ടാകും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ മ ൂന്നാമതും ദക്ഷിണാഫ്രിക്ക അഞ്ചാമതുമാണ് നിലവിൽ.

4- ദക്ഷിണാഫ്രിക്ക ഈഡനിൽ കളിക്കുന്ന നാലാമത്തെ ടെസ്റ്റ് മത്സരമാകും ഇത്തവണത്തേത്. 1996ൽ ആണ് ദക്ഷിണാഫ്രിക്ക ആദ്യമായി ഈഡനിൽ ടെസ്റ്റിനിറങ്ങിയത്. അന്നവർ ക്ക് ജയിക്കാനുമായി. 2004ലും 2010ലും കളിച്ച മത്സരങ്ങളിൽ പക്ഷേ തോറ്റു.

2019-ലാണ് അവസാനമായി ഈഡൻ ഗാർഡൻസ് ടെസ്റ്റിന് വേദിയായത്. ബംഗ്ലാദേശിനെതിരെ നടന്ന ആ ഡേ- നൈറ്റ് (പിങ്ക് ബോൾ ) ടെസ്റ്റിൽ ഇന്ത്യ ജയിച്ചു. 2017ലാ ണ് റെഡ്ബോൾ മത്സരം അവസാനമായി ഈഡനിൽ നടന്നത്. ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടിയ ആ മത്സരം സമനിലയായി.

16 - ടെസ്റ്റ് പരമ്പരകളിൽ ഇതുവരെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്രുമുട്ടിയിട്ടുണ്ട്. ഇതിൽ എട്ടെണ്ണത്തിലും ദക്ഷിണാഫ്രിക്കയ്‌ക്കായിരുന്നു ജയം. ഇന്ത്യ നാല് പരമ്പരകൾ നേടി. നാലെണ്ണം സമനിലയായി.