പവർഹൗസ് അടച്ചപ്പോൾ ഗുണം ലഭിച്ചത് ഇവർക്ക്, എത്തിയത് നിരവധിപേർ

Thursday 13 November 2025 3:24 AM IST

അറക്കുളം: അറ്റകുറ്റ പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവ‌ർത്തനം നിറുത്തിയത് മീൻപിടുത്തക്കാർക്ക് ചാകരയായി. നിരവധി പേരാണ് ചൊവ്വാഴ്ച രാത്രി മുതൽ വലയുമായി മീൻ പിടിക്കാനെത്തിയത്. നൂറിൽ പരം കിലോമീൻ നേരം പുലർന്നപ്പോഴേക്കും നാട്ടുകാർ കൈക്കലാക്കി. അറക്കുളം സ്വദേശികളായ സാജു കുന്നേമുറി, ജോസഫ് ഓലിക്കൽ, ജോസ് കുളത്തിനാൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം നൂറു കിലോയോളം മീൻ വല വീശി പിടിച്ചു. ഇടയാടി കുന്നുംപുറത്ത് നിഷാന്തും മകൻ അഭിദേവിന്റെയും നേതൃത്വത്തിലുള്ള സംഘം 60 കിലോയോളം മീൻ പിടിച്ചു.

മീൻ പിടിക്കുന്നതിനും വാങ്ങുന്നതിനുമായി നിരവധി പേരാണ് ഇന്നലെ അറക്കുളം, മൂലമറ്റം, കാഞ്ഞാർ മേഖലകളിലെത്തിയത്. മലങ്കര ജലാശയത്തിൽ പരമാവധി ജലം സംഭരിച്ചതിനാൽ ജലനിരപ്പ് താഴ്ന്ന മൂലമറ്റം ഭാഗത്തും ത്രിവേണി സംഗമത്തിലുമെത്തിയാണ് മീൻ പിടിച്ചത്. ജലനിരപ്പ് കുറഞ്ഞതോടെ തൊടുപുഴയാറിലും മീൻ പിടിത്തക്കാർക്ക് ചാകരയായിരുന്നു.