മത്സരചിത്രം തെളിഞ്ഞു. തുടരാൻ യു.ഡി.എഫ് , തിരിച്ച് പിടിക്കാൻ എൽ.ഡി.എഫ് 

Thursday 13 November 2025 3:57 AM IST

മഞ്ചേരി : തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ മുന്നണികൾ അന്തിമ പ്രഖ്യാപനത്തിലേക്ക് കടക്കുന്നു. 20 വർഷത്തിന് ശേഷം നഗരസഭ തിരിച്ചു പിടിക്കാൻ എൽ.ഡി.എഫും ഭരണം തുടരാൻ യു.ഡി.എഫും ഒരുങ്ങുമ്പോൾ ഇത്തവണ പോരാട്ടം തീപാറും. നഗരസഭയിൽ 53 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇത്തവണ മൂന്ന് വാർഡുകളാണ് കൂടിയത്. സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ വാർഡുകളിൽ പ്രചാരണം ആരംഭിച്ചു. യു.ഡി.എഫും എൽ.ഡി.എഫും ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഇരുമുന്നണികളുടെയും ഏതാനും വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയമേ ബാക്കിയുള്ളൂ. രണ്ടോ മൂന്നോ സീറ്റുകൾ സംബന്ധിച്ചാണ് തർക്കം. രണ്ട് ദിവസത്തിനകം ധാരണയിലെത്തി മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്നാണ് മുന്നണികൾ പറയുന്നത്.

ഉറപ്പായ വാർഡുകളിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ പ്രചാരണ ബോർഡുകൾ ഉയർന്നു. പ്രമുഖരെയും നേതാക്കളെയും കണ്ടു വോട്ട് ഉറപ്പിക്കൽ തുടങ്ങി. ചില വാർഡുകളിൽ വാർഡ് യോഗം തുടങ്ങി. എൽ.ഡി.എഫ് വികസന ചർച്ച നടത്തി പ്രകടന പത്രിക തയാറാക്കുന്നതിന്റെ പ്രാരംഭ നടപടി ആരംഭിച്ചു. 40 വാർഡിൽ മത്സരിക്കാൻ തയാറെടുക്കുന്ന എൻ.ഡി.എയ്ക്ക് 17 വാർഡിൽ സ്ഥാനാർത്ഥികളായി. നഗരസഭയിൽ ഒരംഗമുള്ള എസ്.ഡി.പി.ഐ 13 വാർഡിൽ മത്സരിക്കും.

കഴിഞ്ഞ തവണ 50 വാർഡുകളാണ് ഉണ്ടായിരുന്നത്. വാർഡ് വിഭജനം പൂർത്തിയായതോടെ നഗരസഭയിൽ മൂന്നു വാർഡുകൾ വർദ്ധിച്ചു. കഴിഞ്ഞ തവണ 35 സീറ്റിൽ മുസ്ലിം ലീഗും 15 സീറ്റിൽ കോൺഗ്രസും മത്സരിച്ചു. ഇത്തവണ ഒരു സീറ്റ് കൂടി കോൺഗ്രസിന് നൽകും. യു.ഡി.എഫിന് 28 കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. പിന്നീട് ഒരു സ്വതന്ത്രൻ പിന്തുണ പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഒരു സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. ലീഗിന് 24 അംഗങ്ങളും കോൺഗ്രസിന് ആറും അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് ഉപതിരഞ്ഞെടുപ്പുകളാണ് നടന്നത്. രണ്ട് തവണയും യു.ഡി.എഫ് വിജയിച്ചു. ഒന്നിൽ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. എൽ.ഡി.എഫിന് 19 ഉം എസ്.ഡി.പി.ഐക്ക് ഒരു കൗൺസിലറുമാണ് ഉണ്ടായിരുന്നത്. ബി.ജെ.പിക്ക് കഴിഞ്ഞ തവണ അക്കൗണ്ട് തുറക്കാനായിരുന്നില്ല. കഴിഞ്ഞ തവണ എൽ.ഡി.എഫിൽ 37 സീറ്റിൽ സി.പി.എം, സി.പി.ഐ നാല്, ഐ.എൻ.എൽ അഞ്ച് സീറ്റുകളിലും മത്സരിച്ചു. 37ൽ 23 വാർഡുകളിലാണ് സി.പി.എം. സ്വന്തം ചിഹ്നത്തിൽ മത്സരിച്ചത്. ബാക്കിയുള്ള വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ ഇറക്കി പരീക്ഷണം നടത്തി. 23 വാർഡുകളിൽ എൻ.ഡി.എയും മത്സരിച്ചു. എസ്.ഡി.പി.ഐ, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം എന്നീ പാർട്ടികളും മത്സര രംഗത്തുണ്ടായിരുന്നു.

മഞ്ചേരി :നഗരസഭയിൽ കോൺഗ്രസ് 15 വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് 6 കാരുവമ്പ്രം- രശ്മി പ്രഭ, 7- പി.കെ.മോഹനൻ, 9- അഡ്വ.ബീന ജോസഫ്, 13-പി.എം.എ.നാസർ, 16.ഷംലിക് കുരിക്കൾ, 22. രാധിഷ സുരേഷ്, 31.കൃഷ്ണദാസ് വടക്കേയിൽ, 32.മുജീബ് മുട്ടിപ്പാലം, 33.സി.കെ. ഗോപാലൻ, 34.സാലിൻ വല്ലാഞ്ചിറ, 36. ഹുസൈൻ വല്ലാഞ്ചിറ, 38. നിഷാന്ത് അരുകിഴായ, 41.ഫാത്തിമ സുഹ്ര, 43. സാനിബ ഫൈസൽ, 51.വി.പി.ഫിറോസ് എന്നിവരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു. രണ്ട് വാർഡുകളിൽ വാർഡ് കമ്മിറ്റികളും മുന്നണിയും തമ്മിൽ ചില തർക്കങ്ങൾ നടക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഇവിടെയും സമവായത്തിലെത്തും. മഞ്ചേരി :വെൽഫയർ പാർട്ടി 12 വാർഡുകളിൽ മത്സരിക്കും. നെല്ലിപ്പറമ്പ്, തടത്തിക്കുഴി, കോഴിക്കാട്ടുകുന്ന്, പുന്നക്കുഴി, പാലക്കുളം, കിഴക്കേത്തല, വടക്കാങ്ങര, തടപ്പറമ്പ്, പയ്യനാട്, എലമ്പ്ര, താമരശേരി, പുല്ലഞ്ചേരി വാർഡുകളിലാണ് മത്സരിക്കുന്നതെന്ന് നേതൃത്വം അറിയിച്ചു.

മഞ്ചേരി :യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (ജേക്കബ്) നിലമ്പൂർ, മഞ്ചേരി നഗരസഭകളിലും ഊർങ്ങാട്ടിരി പഞ്ചായത്ത്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ മത്സരിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.