മലപ്പുറം ജില്ലാ പഞ്ചായത്ത് : ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനം നീളും

Thursday 13 November 2025 3:58 AM IST

മലപ്പുറം: പത്ത് വർഷത്തിന് ശേഷം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജനറൽ വിഭാഗത്തിലേക്ക് മാറിയതോടെ ഈ സ്ഥാനത്തേക്ക് മുസ്‌ലിം ലീഗിനുള്ളിൽ പിടിവലി ശക്തം. സ്ഥാനാത്ഥി പ്രഖ്യാപനം നീളാനാണ് സാദ്ധ്യത. യു.ഡി.എഫിലെ ധാരണപ്രകാരം ലീഗിന് 12 ജനറൽ സീറ്റുകളുണ്ട്. ഓരോ മണ്ഡലം കമ്മിറ്റിയിൽ നിന്നും മൂന്നും നാലും പേരുകൾ വന്നതോടെ സ്ഥാനാർത്ഥി പരിഗണന പട്ടികയിൽ 50ലധികം പേരുണ്ട്. മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് സംസ്ഥാന ഭാരവാഹികൾ വരെ ഉൾപ്പെട്ടതോടെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ നേതൃത്വത്തിലാവും അന്തിമ തീരുമാനമെടുക്കുക.

പ്രസിഡന്റ് സ്ഥാനത്തേക്ക് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സഹോദരന്റെ മകനും വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റുമായ പി.കെ. അസ്‌ലുവിനെ രംഗത്തിറക്കാനുള്ള ശ്രമം സജീവമാക്കിയത് ലീഗിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ നിയമസഭാ മണ്ഡലമുൾപ്പെടുന്ന വേങ്ങര ഡിവിഷനിൽ നിന്ന് മത്സരിപ്പിക്കാനാണ് നീക്കം. ലീഗിന് മികച്ച ഭൂരിപക്ഷം ലഭിക്കാറുള്ള ഡിവിഷനാണിത്. ഊരകം പഞ്ചായത്ത് പ്രസിഡന്റ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിങ്ങനെ മൂന്ന് തവണ ജനപ്രതിനിധിയായ പി.കെ. അസ്‌ലുവിന് മുസ്‌ലിം ലീഗിലെ മൂന്ന്‌ ടേം വ്യവസ്ഥയിൽ കഴിഞ്ഞ തവണ മത്സരിക്കാനായില്ല. ടേം വ്യവസ്ഥയിൽ കഴിഞ്ഞ തവണ മാറിനിന്നവർക്ക് ഇത്തവണ ഇളവ് നൽകാനുള്ള ലീഗ്‌ നേതൃത്വത്തിന്റെ തീരുമാനം അസ്‌ലുവിന് കൂടി വഴിയൊരുക്കാനുള്ള ചിലരുടെ തന്ത്രമായിരുന്നെന്ന അടക്കം പറച്ചിൽ പാർട്ടിക്കുള്ളിലുണ്ട്.

നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുതിർന്ന നേതാവുമായ ഇസ്മായിൽ മൂത്തേടത്തെ നിയമസഭ സീറ്റിൽ ഉറപ്പേകി മത്സരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമമുണ്ട്. ഇങ്ങനെയെങ്കിൽ പി.കെ.അസ്‌ലുവിന്റെ വരവ് കൂടുതൽ എളുപ്പമാവും. പ്രസിഡന്റ് സ്ഥാനത്തേക്ക് യുവനേതൃത്വത്തെ പരിഗണിക്കണമെന്ന ആവശ്യവുമുണ്ട്. യുവത്വത്തിന് കൂടുതൽ പ്രാമുഖ്യമേകണമെന്ന ആലോചനയിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂർ പ്രാഥമിക പരിഗണന പട്ടികയിലുണ്ട്.