ആലപ്പുഴയിൽ ഉയരപ്പാത  നിർമാണത്തിനിടെ അപകടം; പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡറുകൾ വീണു, ഡ്രെെവർക്ക് ദാരുണാന്ത്യം

Thursday 13 November 2025 6:49 AM IST

ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകൾ പിക്കപ്പ് വാനിന് മുകളിലേക്ക് വീണ് ഡ്രെെവർക്ക് ദാരുണാന്ത്യം. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. ചന്തിരൂരിൽ പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. മൂന്നര മണിക്കൂറിന് ശേഷമാണ് ഗർഡർ ഉയർത്തി മൃതദേഹം പുറത്തെടുത്തത്.

80 ടൺ ഭാരമുള്ള രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് വാനിൽ പതിച്ചത്. പുതിയ ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ നേരത്തെ സ്ഥാപിച്ച രണ്ടെണ്ണം താഴേക്ക് വീഴുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് മുട്ട കയറ്റി വരികയായിരുന്നു പിക്കപ്പ് വാൻ. എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. രാജേഷ് പിക്കപ്പ് വാനിന്റെ സ്ഥിരം ഡ്രെെവർ അല്ല. സ്ഥിരമായി ഓടിക്കുന്ന ഡ്രെെവർ ഇല്ലാതിരുന്നത് കൊണ്ട് വാഹനം ഓടിക്കാൻ വേണ്ടി വിളിച്ചപ്പോൾ രാജേഷ് വരികയായിരുന്നുവെന്നാണ് വിവരം. രാജേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

അപകടത്തെതുടർന്ന് അരൂർ - തുറവൂർ ഉയരപ്പാത മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല. വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. ചേർത്തല എക്സറെ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ആലപ്പുഴഭാഗത്തേക്ക് അരൂക്കുറ്റി വഴി തിരിഞ്ഞുപോകണം.