അന്നത്തെ ദിവസം ഭയപ്പെടുത്തുന്ന പാനിക് അറ്റാക്ക് ഉണ്ടായി, വിറയ്ക്കുകയായിരുന്നുവെന്ന് സാനിയ മിർസ
പാക് ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കുമായി വേർപിരിഞ്ഞതിനുശേഷം നേരിട്ട കടുത്ത മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മുൻ ടെന്നിസ് സൂപ്പർതാരം സാനിയ മിർസ. ഒരു പരിപാടിക്കിടെ പാനിക് അറ്റാക്കുണ്ടായപ്പോൾ സുഹൃത്തും ബോളിവുഡ് സംവിധായികയുമായ ഫറാ ഖാൻ ഒപ്പം നിന്നതിനെക്കുറിച്ചും താരം മനസുതുറന്നു. പുതിയതായി ആരംഭിച്ച 'സെർവിംഗ് ഇറ്റ് അപ്പ് വിത്ത് സാനിയ' എന്ന സ്വന്തം യൂട്യൂബ് ടോക് ഷോയിൽ സംസാരിക്കുകയായിരുന്നു അവർ. പരിപാടിയിലെ ആദ്യ എപ്പിസോഡിൽ അതിഥിയായി എത്തിയതായിരുന്നു ഫറാ ഖാൻ.
'ഞാനിത് ക്യാമറയിൽ പറയാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞാൻ മാനസികമായി തളർന്നിരുന്ന നിമിഷങ്ങളിലൊന്നിൽ നിങ്ങളെന്റെ സെറ്റിൽ വന്നു. അതിനുശേഷം എനിക്കൊരു ലൈവ് ഷോയിൽ പോകേണ്ടതായും വന്നു. ഞാനപ്പോൾ വിറയ്ക്കുകയായിരുന്നു. നിങ്ങളപ്പോൾ വന്നില്ലായിരുന്നുവെങ്കിൽ എനിക്കാ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലായിരുന്നു. എന്തുവന്നാലും ഈ ഷോ ചെയ്യണമെന്ന് നീ പറഞ്ഞു'- എന്നായിരുന്നു സാനിയ വെളിപ്പെടുത്തിയത്.
അന്നത്തെ ദിവസം ഓർത്തെടുത്ത് ഫറാ ഖാനും മറുപടി നൽകി.'ഞാനന്ന് ഒരുപാട് പേടിച്ചു. എനിക്കന്ന് ഷൂട്ടും ഉണ്ടായിരുന്നു. എന്നാൽ എല്ലാം മാറ്റിവച്ച് ഞാൻ വെറും പൈജാമയും ചപ്പലുമിട്ടാണ് അന്ന് വന്നത്. നീ ഒറ്റയ്ക്കാണ് എല്ലാം ചെയ്യുന്നത്. ജോലി ചെയ്യണം, മകനെ വളർത്തണം, മകന് സമയം നൽകണം. എല്ലാം ഇരട്ടി ജോലിയാണ്. പക്ഷേ നീയത് വളരെ ഭംഗിയായി നിർവഹിക്കുന്നു'-ഫറാ ഖാൻ പറഞ്ഞു.