'മിണ്ടാതിരിക്കൂ, അല്ലെങ്കിൽ നിന്റെ വായ അടിച്ചു പൊട്ടിക്കും'; പ്രസവവാ‌ർഡിൽ മരുമകളോട് ചൂടായി അമ്മായിയമ്മ, സുഖപ്രസവം വേണമെന്ന് വാശി

Thursday 13 November 2025 10:14 AM IST

പ്രയാഗ്‌രാജ്: പ്രസവ വാർഡിൽവച്ച് മരുമകളോട് ദേഷ്യപ്പെട്ട് ഭർതൃമാതാവ്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ആശുപത്രിയിലാണ് സംഭവം. പ്രസവമുറിയിൽ മകന്റെയും ബന്ധുക്കളുടെയും മുന്നിൽ വച്ചാണ് അമ്മായിയമ്മ മരുമകളോട് ദേഷ്യപ്പെട്ടത്. സിസേറിയൻ ചെയ്യാൻ ആലോചിക്കുന്നുണ്ടെങ്കിലും സുഖപ്രസവം വേണമെന്ന് വയോധികയായ ഭർതൃമാതാവ് നിർബന്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഗൈനക്കോളജിസ്റ്റാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

വേദനകൊണ്ട് കരഞ്ഞ സ്ത്രീയെ അമ്മായിയമ്മ പരിഹസിക്കുന്നതും വീഡിയോയിൽ കാണാം. വാരണാസിയിൽ നിന്ന് പ്രസവത്തിനായാണ് കുടുംബം പ്രയാഗ്‌രാജിലെത്തിയത്. 'മിണ്ടാതിരിക്കൂ, അല്ലെങ്കിൽ ഞാൻ നിന്റെ വായ അടിച്ചു പൊട്ടിക്കും. ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാൽ നീ എങ്ങനെ അമ്മയാകും?'- എന്ന് ഭർതൃമാതാവ് യുവതിയോട് തർക്കിക്കുന്നതും വീഡിയോയിൽ കാണാം.

മറ്റ് കുടുംബാംഗങ്ങൾ ഗർഭിണിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. മകൻ ഭാര്യയുടെ കൈപിടിച്ച് ധൈര്യം പകരുമ്പോൾ കൈ വിടാൻ വയോധിക പറയുന്നു. സമ്മർദ്ദമേറെയുള്ള ഇത്തരം സാഹചര്യങ്ങളിൽ കുടുംബാംഗങ്ങൾ ഗർഭിണികളോട് സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഗൈനക്കോളജിസ്റ്റ് ഡോ. നാസ് ഫാത്തിമ ഇൻസ്റ്റഗ്രാമിലൂടെ ഈ വീഡിയോ പുറത്തുവിട്ടത്.

വീഡിയോ വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. വയോധികയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്‌തിരിക്കുന്നത്. ആശുപത്രിയിൽവച്ച് ഇങ്ങനെയാണെങ്കിൽ വീട്ടിൽ എന്തായിരിക്കും ഇവരുടെ സ്വഭാവം എന്നൊക്കെയാണ് ആളുകൾ ചോദിക്കുന്നത്.