ശബരിമല സ്വർണക്കൊള്ള; ശാസ്ത്രീയ പരിശോധന നിർണായകമാകും, തന്ത്രിയോട് അനുമതി തേടി അന്വേഷണസംഘം

Thursday 13 November 2025 11:45 AM IST

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നടത്തുന്നതിന് തന്ത്രിയോട് അനുമതി തേടി പ്രത്യേക അന്വേഷണ സംഘം. ദേവസ്വം ബോർഡ് വഴിയാണ് തന്ത്രി മഹേഷ് മോഹനരരോട് അനുമതി തേടിയിരിക്കുന്നത്. ഹൈക്കോടതി നേരത്തെ തന്നെ ഇക്കാര്യം നിർദ്ദേശിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോ​റ്റിയുടെ നേതൃത്വത്തിൽ ദ്വാരപാലക പാളികൾ പൂർണമായും മാ​റ്റിയിട്ടുണ്ടോയെന്നതടക്കമുളള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

ശ്രീകോവിലിലെ സ്വർണപാളികൾ ഇളക്കിയെടുത്ത് ഭാരം പരിശോധിക്കുക, ഒരു സെന്റീമീ​റ്റർ വ്യാപ്തിയിൽ സ്വർണം ശേഖരിച്ച് കെമിക്കൽ ടെസ്​റ്റിന് വിധേയമാക്കുക എന്നീ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുകയുളളൂ. നിലവിൽ തന്ത്രി ശാസ്ത്രീയ പരിശോധനയ്ക്കായി അനുമതി നൽകിയിട്ടില്ല. ദേവപ്രശ്നമടക്കുളള കാര്യങ്ങൾ നടത്തിയിട്ടുമാത്രമേ അനുമതി നൽകാൻ സാധിക്കുകയുളളൂ. 15-ാം തീയതിക്ക് മുൻപ് ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് കോടതിയുടെ നിർദ്ദേശം.

അതേസമയം, ശബരിമല സ്വർണക്കൊളളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ ഉടൻ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് വിവരം. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ അദ്ദേഹം സാവകാശം ചോദിച്ചിരുന്നു. അടുത്ത ബന്ധു മരിച്ച സാഹചര്യത്തിലാണ് പത്മകുമാർ സാവകാശം ചോദിച്ചിരുന്നത്. അറസ്റ്റിലായ എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ടും പത്മകുമാറിലേക്കാണ് വിരൽചൂണ്ടുന്നത്.

സ്വർണം പൊതിഞ്ഞ കട്ടിളപാളിയെ ചെമ്പ് എന്ന രേഖപ്പെടുത്തിയതും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടതും വാസുവിന്റെ നേതൃത്വത്തിലെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. ഈ സമയത്ത് പ്രസിഡന്റ് ആയിരുന്നത് പത്മകുമാറായിരുന്നു. കമ്മീഷണർ ആയിരുന്ന വാസു മുന്നോട്ടുവച്ച ഉത്തരവുകൾ പത്മകുമാർ അംഗീകരിച്ചതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതു ഗൂഢാലോചനയുടെ ഭാഗമായിട്ടാണോയെന്നാണ് അന്വേഷിക്കുന്നത്.