ശബരിമല സ്വർണക്കൊളളയിൽ അടുത്ത അറസ്റ്റ് ഉടൻ, നാലാം പ്രതി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
പത്തനംതിട്ട: ശബരിമല സ്വർണക്കൊളളയിൽ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളി. ദ്വാരപാലക കേസിലെ നാലാം പ്രതിയാണ് ജയശ്രീ. ഇവർ ദേവസ്വം ബോർഡ് മിനിട്സ് തിരുത്തിയെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ചെമ്പുപാളികൾ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണമെന്നായിരുന്നു ജയശ്രീ മിനിട്സിൽ എഴുതിയത്. ജയശ്രീയും ഉടൻ അറസ്റ്റിലായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ദ്വാരപാലക ശില്പങ്ങൾ സ്വർണം പൊതിഞ്ഞതാണെന്നറിഞ്ഞിട്ടും ജയശ്രീ ചെമ്പ് പൂശിയതാണെന്ന് രേഖപ്പെടുത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ കോടതിയെ സമീപിച്ചത്. തിരുവല്ല സ്വദേശിനിയായ ഇവർ നിലവിൽ കാക്കാനാടാണ് താമസിക്കുന്നത്.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ 2019ലെ വിവാദ ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. അറസ്റ്റിലായ എൻ വാസു ദേവസ്വം കമ്മീഷണർ ആയിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിലെ ശബരിമല സെക്ഷൻ ക്ലർക്കായിരുന്നു ശ്യാം പ്രകാശിനെതിരെയാണ് നടപടി. നിലവിൽ ദേവസ്വം വിജിലൻസ് തിരുവനന്തപുരം സോൺ ഓഫീസറാണ് ശ്യാം പ്രകാശ്. സ്വർണക്കൊള്ള അന്വേഷണം തുടങ്ങിയ ശേഷമാണ് ഈ ഉദ്യോഗസ്ഥൻ തന്റെ ഓഫീസിൽ ഉണ്ടെന്ന് വിജിലൻസ് എസ്പി തിരിച്ചറിഞ്ഞത്. തുടർന്ന് നിർബന്ധിത അവധിയിൽ പോകാൻ എസ്പി നിർദ്ദേശിച്ചിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ സ്ഥലംമാറ്റം. ദേവസ്വം വിജിലൻസിൽ നിന്ന് വർക്കല ഗ്രൂപ്പിലേക്കാണ് ശ്യാം പ്രകാശിനെ സ്ഥലംമാറ്റിയത്. വർക്കല അസിസ്റ്റന്റ് ദേവസം കമ്മീഷണർ ആയിട്ടാണ് സ്ഥലംമാറ്റം. സ്വർണം 'ചെമ്പായ ' ഫയലുകൾ കൈകാര്യം ചെയ്തത് ശ്യാം പ്രകാശായിരുന്നു.