ലോകത്തെ ഏറ്റവും വിലയേറിയ ആപ്പിൾ; പ്രത്യേകതകളറിഞ്ഞാൽ അമ്പരക്കും, വില കോടികൾ

Thursday 13 November 2025 12:47 PM IST

പലതരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചിലത് എ ഐ ആയിരിക്കും. അടുത്തിടെ ഒരു ആപ്പിൾ ആണ് നവമാദ്ധ്യമങ്ങളിൽ വൈറലായത്. മുംബയിലെ ഒരു സ്വർണ്ണപ്പണിക്കാരനാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയ സവിശേഷമായ ഈ ആപ്പിൾ നിർമിച്ചിരിക്കുന്നത്. പൂർണ്ണമായും സ്വർണ്ണവും വജ്രവുമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

ജുവലറി വ്യാപാരിയായ രോഹിത് പിസലാണ് ഈ വെറൈറ്റി സാധനം സൃഷ്ടിച്ചത്. രൂപം ആപ്പിളിനോട് സാമ്യമുള്ളതാണ്, പക്ഷേ കഴിക്കാനാകില്ലെന്ന് മാത്രം. 18 കാരറ്റും 9 കാരറ്റും സ്വർണ്ണം ഉപയോഗിച്ചാണ് ഇത് നിർമിച്ചത്. കൂടാതെ 1,936 ചെറിയ വജ്രങ്ങൾ കൊണ്ട് ആപ്പിൾ അലങ്കരിച്ചിട്ടുണ്ട്.

ഏകദേശം 29.8 ഗ്രാം ഭാരമാണുള്ളത്. ഒറ്റനോട്ടത്തിൽ വെള്ളക്കളറുള്ള ആപ്പിൾ എന്നേ തോന്നുകയുള്ളൂ. ഈ ആപ്പിൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്. നിലവിൽ ഇത് തായ്‌ലൻഡിലെ റോയൽ പാലസിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. അവിടെ ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു.

ഈ അമൂല്യ വസ്‌തു വാങ്ങാൻ നിരവധി പേർ താത്പര്യം പ്രകടിപ്പിച്ചു. എകദേശം പത്ത് കോടിയോളം വിലമതിപ്പുണ്ട്. ആളുകൾ വൻതുകകൾ വാഗ്ദാനം ചെയ്‌തെങ്കിലും ഉപയോക്താക്കൾ വിൽക്കാൻ തയ്യാറല്ല. ഇത് വെറുമൊരു അലങ്കാര വസ്തുവല്ല, മറിച്ച് ഇന്ത്യയുടെ ആഴത്തിൽ വേരൂന്നിയ കലാ പാരമ്പര്യത്തിന്റെ പ്രതിനിധാനമാണെന്ന് ഇതിന്റെ ഉപയോക്താക്കൾ പറയുന്നത്.