ബുർജ് ഖലീഫയ്ക്ക് മുമ്പ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടം, ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നായ വിസ്മയം; പിന്നീട് സംഭവിച്ചത്

Thursday 13 November 2025 1:01 PM IST

ഒരുപാട് ഉയരം കൂടിയ നിർമ്മിതികൾ എപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. നിലവിൽ ബുർജ് ഖലീഫയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതി. എന്നാൽ ഒരു കാലത്ത് മനുഷ്യനിർമ്മിതമായ ഏറ്റവും ഉയരം കൂടിയ നിർമ്മിതിയുടെ റെക്കാഡ് സ്വന്തമാക്കിയ കെട്ടിടമാണ് സിഎൻ ടവർ. കാനഡയുടെ ഹൃദയഭാഗത്തായി ടൊറൊന്റോ നഗരത്തിലാണ് ഈ കൂറ്റൻ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇപ്പോഴിതാ നിർമ്മിച്ച് പതിറ്റാണ്ടുകൾക്ക് ശേഷവും സഞ്ചാരികൾക്കിടയിൽ ച‌ർച്ചയാവുകയാണ് സിഎൻ ടവർ.

1976-ൽ നിർമ്മിച്ച സിഎൻ ടവറിന് 553.33 മീറ്റർ (1,815 അടി) ആണ് ഉയരം. നിർമ്മാണ സമയത്ത് ഇത്രയും ഉയരത്തിൽ എത്തിയ ആദ്യത്തെ കോൺക്രീറ്റ് നിർമ്മിതിയായിരുന്നു സിഎൻ ടവർ. 1976 മുതൽ 2010 വരെ, ഏകദേശം 34 വർഷത്തോളം സിഎൻ ടവർ ലോകത്തിലെ ഏറ്റവും ഉയരമേറിയ സ്വതന്ത്ര നിർമ്മിതി എന്ന റെക്കാർഡ് നിലനിർത്തി. കനേഡിയൻ നാഷണൽ റെയിൽവേ കമ്പനിയാണ് ഇത് നിർമ്മിച്ചത്.

എന്നാൽ ഈ റെക്കാഡ് പിന്നീട് ബുർജ് ഖലീഫ മറികടക്കുകയായിരുന്നു. 828 മീറ്റർ ഉയരമുള്ള ദുബായിലെ ബുർജ് ഖലീഫ വന്നതോടെയാണ് സിഎൻ ടവറിന് റെക്കാഡ് നഷ്ടമായത്. ഇതൊരു നിരീക്ഷണത്തിനും ടെലികമ്മ്യൂണിക്കേഷൻ ടവർ എന്ന വിഭാഗത്തിലാണ് സിഎൻ ടവ‌‌ർ വരുന്നത്. 1995-ൽ, അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എഞ്ചിനീയേഴ്സ് സിഎൻ ടവറിനെ ആധുനിക ലോകത്തിലെ ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നായിട്ടാണ് അടയാളപ്പെടുത്തിയത്. നഗരമദ്ധ്യത്തിൽ ആകാശത്തേക്ക് കുത്തിക്കയറുന്നതുപോലെ തോന്നിക്കുന്ന ഇതിന്റെ ദൃശ്യം അതിമനോഹരമാണ്. പ്രതിവർഷം ഇരുപത് ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്.

സിഎൻ ടവർ എന്നത് വലിയൊരു കെട്ടിടം എന്നതിലുപരി അവിസ്മരണീയമായ ഒട്ടേറെ അനുഭവങ്ങളുടെ കേന്ദ്രം കൂടിയാണിത്. വെറും 58 സെക്കൻഡുകൾ കൊണ്ട് ഏറ്റവും മുകളിലക്ക് എത്താൻ കഴിയുന്ന അതിവേഗ ഗ്ലാസ് എലിവേറ്ററാണ് സിഎൻ ടവറിന്റെ പ്രധാന ആകർഷണം. ഏകദേശം 113 നിലകൾ ഉയരത്തിൽ നിന്ന് കൊണ്ട് ടൊറന്റോ നഗരത്തിന്റെയും ഒന്റാറിയോ തടാകത്തിന്റെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനും കഴിയും.