എനിക്ക് അവനെ വേണ്ട, അനുജൻ ഉണ്ടായതറിഞ്ഞ് ചൂടായി പെൺകുട്ടി; ഇതായിരുന്നു അമ്മയുടെ മറുപടി
കുട്ടികളുടെ പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതിൽ ചിലത് സഹോദരങ്ങളോട് അവർ സ്‌നേഹം പ്രകടിപ്പിക്കുന്നതാകാം. മറ്റുചിലത് പരസ്പരം പോരടിക്കുന്നതുമാകാം. അത്തരത്തിൽ ഒരു കൊച്ചു കുറുമ്പിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
അമ്മ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്നറിഞ്ഞതോടെ പെൺകുട്ടിയുടെ മുഖം മാറി. ആശുപത്രിയിൽവച്ച് ദേഷ്യത്തോടെ മുഖം ചുളിക്കുകയാണ് പെൺകുട്ടി. ഇതുകണ്ട് മോൾക്ക് എന്ത് പറ്റിയെന്ന് അമ്മ ചോദിക്കുന്നു. എന്തിനാണ് അവനെ പ്രസവിച്ചത്, എനിക്ക് അവനെ വേണ്ടെന്ന് കുട്ടി മറുപടി നൽകി.
ഇതുകേട്ടതും മകളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയാണ് അമ്മ. 'പക്ഷേ അവനെ നോക്കൂ, അവൻ വളരെ ഭംഗിയുള്ളവനാണ്''എന്ന് അമ്മ പറയുമ്പോൾ അല്ല താനാണ് കൂടുതൽ ഭംഗിയെന്ന് കുട്ടി ദേഷ്യത്തോടെ പറഞ്ഞു. ഒടുവിൽ അമ്മയ്ക്ക് പെൺകുട്ടിയുടെ മുന്നിൽ കീഴടങ്ങേണ്ടി വന്നു, 'ശരി, നീയാണ് ഏറ്റവും ഭംഗിയുള്ളവൾ'- എന്ന് മറുപടി നൽകി. അപ്പോൾ കുട്ടിയുടെ മുഖത്തൊരു ചെറുപുഞ്ചിരി കാണാം.
സോഷ്യൽ മീഡിയയിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വളരെപ്പെട്ടെന്നുതന്നെ വൈറലാകുകയും ചെയ്തു. രണ്ടാമതൊരു കുഞ്ഞ് വരുമ്പോൾ മാതാപിതാക്കൾക്ക് തന്നോടുള്ള ഇഷ്ടം കുറഞ്ഞുപോകുമോയെന്ന് പല കുട്ടികളും ചിന്തിക്കാറുണ്ട്. അത്തരമൊരു ചിന്തയിൽ നിന്നാണ് അനുജനെയോ അനുജത്തിയെയോ ശത്രുതാ മനോഭാവത്തോടുകൂടി കാണുന്നതെന്നും അവരെ സ്നേഹത്തോടെ പറഞ്ഞ് മനസിലാക്കുകയാണ് വേണ്ടതെന്നും നിരവധി പേരാണ് കമന്റ് ചെയ്‌തിരിക്കുന്നത്.