ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ്: ഓൾറൗണ്ടർമാരുടെ കരുത്തിൽ സന്തോഷം; ഷമിയുടെ അഭാവത്തെക്കുറിച്ച് മനസ് തുറന്ന് ഗിൽ

Thursday 13 November 2025 3:37 PM IST

കൊൽക്കത്ത: ഇന്ത്യയും ലോകചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെയാണ് ആരംഭിക്കുന്നത്. കൊൽക്കത്തയിലെ ഈഡൻഗാർഡൻസിൽ രാവിലെയാണ് പോരാട്ടം. അതേസമയം സ്റ്റാർ പേസർ മുഹമ്മദ് ഷമിയുടെ അഭാവത്തെക്കുറിച്ചും ടീമിന്റെ ഓൾ റൗണ്ടർ കരുത്തിനെക്കുറിച്ചും മനസ് തുറക്കുകയാണ് ഇന്ത്യൻ ടീമിന്റെ യുവ നായകൻ ശുഭ്മാൻ ഗിൽ. പരമ്പരയ്ക്ക് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഷമി ഭായിയുടെ അത്ര നിലവാരമുള്ള ബൗളർമാർ അധികമില്ല. എങ്കിലും ആകാശ് ദീപ്, പ്രസിദ്ധ് തുടങ്ങിയവരുടെ പ്രകടനങ്ങളും സിറാജും ബുംറയും നമുക്കായി കാഴ്ചവച്ച പ്രകടനങ്ങളും നോക്കുമ്പോൾ, ആരെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുക പ്രയാസമുള്ള കാര്യമാണ്. എന്നാൽ ഷമിയെപ്പോലുള്ള ഒരാൾക്ക് അവസരം നഷ്ടമാകുന്നത് ഒരിക്കലും ടീമിന് നല്ലതല്ല. എന്നിരുന്നാലും ഞങ്ങൾക്ക് മുന്നോട്ട് പോയെ പറ്റൂ'. ഷമിയുടെ ഫിറ്റ്നസ് സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് സെലക്ടർമാർക്ക് കൂടുതൽ വ്യക്തത നൽകാൻ കഴിയുമെന്നും ഗിൽ പറയുന്നു.

അതേസമയം രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവരടങ്ങിയ ഓൾറൗണ്ടർമാർ ടീമിലുള്ളത് ഭാഗ്യമാണെന്നും ഗിൽ പറഞ്ഞു. 'ഇത്രയും മികച്ച ഓൾറൗണ്ടർമാർ ടീമിലുള്ളത് ഞങ്ങൾക്ക് ലഭിച്ച ഭാഗ്യമാണ്. അവർക്കെല്ലാം മികച്ച ബൗളിംഗ്- ബാറ്റിംഗ് റെക്കാഡുകളുണ്ട്. പ്രത്യേകിച്ചും ഇന്ത്യയിൽ. ഒരു ക്യാപ്ടൻ എന്ന നിലയിൽ ആരെ കളിപ്പിക്കണം, ആരെ ഒഴിവാക്കണം എന്ന് തീരുമാനിക്കുന്നത് എപ്പോഴും കടുപ്പമാണ്. പക്ഷെ, ഇത്രയും നല്ല കളിക്കാർ ടീമിൽ ഉള്ളത് സന്തോഷമുള്ള കാര്യമാണ്. ഈ സാഹചര്യമാണ് ടെസ്റ്റ് മത്സരത്തെ കൂടുതൽ ആവേശത്തിലാക്കുന്നത്.

ദക്ഷിണാഫ്രിക്കയുടെ കരുത്തിനെക്കുറിച്ചും യുവനായകൻ സൂചിപ്പിച്ചു. 'ദക്ഷിണാഫ്രിക്ക പാകിസ്ഥാനിൽ പരമ്പര സമനിലയിൽ ആക്കിയവരാണ്. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യന്മാരുമാണ് അവർ. ഏഷ്യൻ പിച്ചുകളിൽ നന്നായി കളിക്കുന്ന ടീമിനെ നേരിടുന്നത് എപ്പോഴും പ്രയാസമാണ്. എങ്കിലും ഈ വെല്ലുവിളി ഏറ്റെടുക്കാൻ ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്',- ഗിൽ കൂട്ടിച്ചേർത്തു. ആറ് വർഷത്തിന് ശേഷ‌മാണ് ഈഡൻ ഗാർഡൻ ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്. ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ശേഷമുള്ള ആദ്യ ഇന്ത്യൻ പര്യടനമാണിത്.