അടുത്ത ലക്ഷ്യം നിയമസഭ? തിരുവനന്തപുരം കോർപ്പറേഷനിൽ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ആര്യാ രാജേന്ദ്രൻ

Thursday 13 November 2025 5:03 PM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കാത്തത് വിവാദങ്ങൾ ഭയന്നിട്ടല്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ. മത്സരിപ്പിക്കേണ്ട എന്ന് തീരുമാനിക്കാൻ പാർട്ടിക്ക് അവകാശമുണ്ടെന്നും ആര്യ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. വാർഡിൽ സ്ഥാനാർത്ഥിയായാൽ അവിടെ മാത്രമായി ചുരുങ്ങിപ്പോകും. നിയമസഭയിലേക്ക് മത്സരിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ആര്യ പറഞ്ഞു. ധിക്കാരി എന്ന് വിളിക്കുന്നത് താനൊരു സ്‌ത്രീ ആയതുകൊണ്ടാണ്. ആരോപണങ്ങൾ സ്‌‌ത്രീകളെ അംഗീകരിക്കാത്തവരുടേതാണെന്നും ആര്യാ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

തലസ്ഥാന നഗരത്തില്‍ മേയറാകുന്നവര്‍ പിന്നീട് നിയമസഭയിലേക്ക് എത്തുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. അതിനാൽ, ആര്യയെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. മുന്‍പ് മേയറായിരുന്ന വി ശിവന്‍കുട്ടി, വികെ പ്രശാന്ത് എന്നിവര്‍ ഇപ്പോള്‍ നിയമസഭാ അംഗങ്ങളാണ്. അതില്‍ ഒരാള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയും. സമാനമായ പാതയിലേക്കാണ് ആര്യ രാജേന്ദ്രന്റെ യാത്രയും എന്നാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് നേരത്തേ പുറത്തുവന്ന വിവരം.