സിപിഎം- ബിജെപി ഡീലുണ്ടെന്ന ആരോപണം: വിമത നേതാവിനെ പുറത്താക്കി സിപിഎം
തിരുവനന്തപുരം: കോർപ്പറേഷനിൽ സിപിഎം- ബിജെപി ഡീലുണ്ടെന്ന ആരോപണമുന്നയിച്ച ചെമ്പഴന്തി ലോക്കൽ കമ്മിറ്റി അംഗം ആനി അശോകനെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയതായി റിപ്പാേർട്ട്. ഇന്നുചേർന്ന ലോക്കൽകമ്മിറ്റി യോഗമാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തനിക്കെതിരെ കരുനീക്കങ്ങൾ നടത്തുന്നുവെന്ന് ആനി അശോകൻ ആരോപിച്ചിരുന്നു.
'ബി.ജെ.പിക്ക് വോട്ട് മറിക്കുന്നതിന് പ്രത്യുപകാരമായി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സി.പി.എമ്മിന് വോട്ട് നൽകും. കഴിഞ്ഞ തവണ ചെമ്പഴന്തി വാർഡിൽ ആരും അറിയാത്ത ഒരാളെയാണ് സ്ഥാനാർത്ഥിയാക്കിയത്. കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായി അഞ്ച് വർഷം ഏറെ ബുദ്ധിമുട്ടിയാണ് ഭരണം നടത്തിയത്. വിഭാഗീയത രൂക്ഷമായിരുന്നു. ഞാൻ ഇരിക്കുന്ന കസേരയിൽ നായ്ക്കുരണപ്പൊടിവരെ വിതറി. സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ബി.ജെ.പിയുമായി കടകംപള്ളിക്കുള്ള അന്തർധാര എല്ലാവർക്കും അറിയാം.എന്നാണ് ആനി പറഞ്ഞത്. ചെമ്പഴന്തിയിൽ സ്വതന്ത്രയായി മത്സരിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
വാഴോട്ടുകോണത്തും സി.പി.എം ലോക്കൽ കമ്മിറ്റിയംഗം വിമതനായി മത്സരിക്കുന്നുണ്ട്. വട്ടിയൂർക്കാവ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ കെ.വി.മോഹനനാണ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. വാഴോട്ടുകോണത്തിന് പുറമേ ഉള്ളൂരും എൽ.ഡി.എഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്കെതിരെയാണ് പാർട്ടിക്കുള്ളിൽ നിന്നുതന്നെ ശബ്ദമുയരുന്നത്. ഉള്ളൂരിൽ പ്രചരണം തുടങ്ങാൻ തന്നോട് കടകംപള്ളി അറിയിച്ചതാണെന്ന് ലോക്കൽ കമ്മിറ്റിയംഗം പറഞ്ഞു. പിന്നീട് പ്രഖ്യാപിച്ചത് മറ്റൊരാളുടെ പേരാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി സംശയമുണ്ട്. സ്വതന്ത്രനായി മത്സരിക്കാനാണ് നിലവിലെ തീരുമാനമെന്നും ലോക്കൽ കമ്മിറ്റിയംഗം വ്യക്തമാക്കി.