കേരളത്തിലെ ഈ സ്ഥലങ്ങളില്‍ ഇനി മദ്യശാലകള്‍ ഉണ്ടാകില്ല; ബെവ്‌കോയുടെ തീരുമാനം ഇങ്ങനെ

Thursday 13 November 2025 6:36 PM IST

തിരുവനന്തപുരം: ജനവാസമേഖലയില്‍ വിദേശമദ്യഷാപ്പ് സ്ഥാപിക്കില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ബെവ്കോയുടെ ഉറപ്പ്. വര്‍ക്കല മണമ്പൂര്‍ വലിയവിളയില്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലത്ത് വിദേശ മദ്യഷോപ്പ് സ്ഥാപിക്കില്ലെന്ന് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനല്‍കി.

ഭാവിയില്‍ അപേക്ഷ പരിഗണിക്കുകയാണെങ്കില്‍ പരാതിക്കാര്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കി അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച ശേഷം മാത്രം തീരുമാനമെടുക്കണമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തിരുവനന്തപുരം ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വലിയവിളയില്‍ ബവ്കോ സ്ഥാപിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

കല്ലമ്പലം വിദേശമദ്യഷാപ്പ് വലിയവിളയില്‍ മാറ്റിസ്ഥാപിക്കാനാണ് തീരുമാനിച്ചതെന്നും പൊതുജനങ്ങളുടെ പ്രക്ഷോഭം നടക്കുന്നതിനാല്‍ തീരുമാനം മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. വലിയവിള ദേശം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.