അഭിമാന പോരാട്ടം: ജില്ലയിൽ കളം തെളിയുന്നു

Friday 14 November 2025 12:00 AM IST

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ഭൂരിപക്ഷം സ്ഥാനാർത്ഥികളെയും മൂന്നു മുന്നണികളും പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സീറ്റു വിഭജനത്തിനും ചൂടുപിടിച്ചു. എതിർചേരിയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി നിറുത്തിയും അട്ടിമറി വിജയങ്ങൾക്കാണ് മുന്നണികൾ കോപ്പുകൂട്ടുന്നത്.

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ അഭിമാനമായ കൊച്ചി കോർപ്പറേഷൻ സ്ഥാനാർത്ഥികളെയാണ് മൂന്നു മുന്നണികൾ പ്രഖ്യാപിച്ചത്. ചൊവ്വാഴ്‌ച കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്ച എൽ.ഡി.എഫും എൻ.ഡി.എയും ഭൂരിപക്ഷം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. ആറ് മുൻ യു.ഡി.എഫ് കൗൺസിലർമാരെ എൽ.ഡി.എഫിൽ എത്തിച്ചാണ് സി.പി.എം കരുത്ത് കാട്ടിയത്. ഒരു എൽ.ഡി.എഫ് കൗൺസിലറെ തട്ടിയെടുക്കാനേ യു.ഡി.എഫിന് കഴിഞ്ഞുള്ളു. മുൻ കൗൺസിലിലെ യു.ഡി.എഫ് കൗൺസിലറെ ബി.ജെ.പിയും സ്ഥാനാർത്ഥിയാക്കി. നാല് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെയും ബി.ജെ.പി പ്രഖ്യാപിച്ചു.

40 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച യു.ഡി.എഫ് പിറ്റേന്നുതന്നെ ബാക്കി പ്രഖ്യാപിക്കുമെന്ന് പറഞ്ഞെങ്കിലും ഇന്നലെയും നിർണയം പൂർത്തിയായിട്ടില്ല. കോൺഗ്രസിനുള്ളിലും ഘടകകക്ഷികളുമായും തർക്കങ്ങൾ തീർന്നിട്ടില്ലെന്നാണ് സൂചനകൾ. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തലങ്ങളിലും സമവായത്തിലെത്തിയിട്ടില്ല.

എൽ.ഡി.എഫിൽ കാര്യമായ തർക്കങ്ങളില്ലെന്നാണ് സൂചന. സി.പി.ഐ ഉൾപ്പെടെ ഘടകക്ഷികളുമായി ധാരണയായെങ്കിലും തർക്കങ്ങൾ ബാക്കിയാണ്. തൃക്കാക്കര നഗരസഭയിൽ 20 സീറ്റുകളിൽ തനിച്ചു മത്സരിക്കുമെന്ന സി.പി.ഐയുടെ നിലപാട് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനും കഴിഞ്ഞിട്ടില്ല.

ബി.ഡി.ജെ.എസ് ബഹിഷ്‌കരിച്ചു

ബുധനാഴ്ച 32 എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ ബി.ഡി.ജെ.എസില്ല. ചർച്ചകൾ പൂർത്തിയായിട്ടില്ല, തുടരുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാതെ ബി.ഡി.ജെ.എസ് ജില്ലാ നേതാക്കൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ സാന്നിദ്ധ്യത്തിൽ വീണ്ടും ചർച്ച നടത്തും.

നാഷണലിസ്റ്റ് കേരള കോൺഗ്രസിന് ഒരു സീറ്റാണ് അനുവദിച്ചത്. ഒരു സീറ്റ് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചയിലൂടെ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യൂസ് പറഞ്ഞു.

ജോഷി അപ്രതീക്ഷിത സ്ഥാനാർത്ഥി

നാഷണലിസ്റ്റ് പീപ്പിൾസ് പാർട്ടിക്ക് സീറ്റ് നൽകിയതാണ് എൻ.ഡി.എയുടെ പ്രധാന കരുനീക്കം. പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിലാണ് സ്ഥാനാർത്ഥി. ഹിജാബ് വിഷയത്തിൽ കടുത്ത നിലപാടെടുത്ത് ശ്രദ്ധേയമായ വ്യക്തിയാണ് മുൻ കോൺഗ്രസ് നേതാവ് കൂടിയായ ജോഷി.

വികസനം മുഖ്യവിഷയം

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസനം മുഖ്യവിഷയമാകും. രണ്ട് പിണറായി വിജയൻ സർക്കാരുകൾ നടപ്പാക്കിയ വികസനവും പെൻഷൻ ഉൾപ്പെടെ ക്ഷേമപ്രവർത്തനങ്ങളും ഉയർത്തിക്കാട്ടി വോട്ടുപിടിക്കാനാണ് എൽ.ഡി.എഫ് നീക്കം.

വികസനമുരടിപ്പ് ഉന്നയിക്കാനാണ് യു.ഡി.എഫിന്റെ പദ്ധതി. സ്വന്തമായ വികസന പദ്ധതികളൊന്നും എൽ.ഡി.എഫ് നടപ്പാക്കിയിട്ടില്ലെന്നാണ് യു.ഡി.എഫിന്റെ വാദം. കൊച്ചി നഗരത്തിലുൾപ്പെടെ യു.ഡി.എഫിന്റെ സർക്കാർ ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കിയതല്ലാതെ സ്വന്തം പദ്ധതികളില്ലെന്നാണ് യു.ഡി.എഫ് ആരോപണം.

വികസിത ഭാരത്, വികസിത കേരളം എന്ന മുദ്രാവാക്യമാണ് എൻ.ഡി.എ സ്വീകരിക്കുക. കൊച്ചി മെട്രോ, എറണാകുളം ബംഗളൂരു വന്ദേഭാരത് ട്രെയിൻ തുടങ്ങിയ കേന്ദ്ര പദ്ധതികൾ വഴി കേരളത്തെ നരേന്ദ്രമോദി സർക്കാർ പിന്തുണച്ചത് ബി.ജെ.പി ആയുധമാക്കുമെന്ന് നേതാക്കൾ പറഞ്ഞു.