നാളത്തെ പ്രാദേശിക അവധിയിൽ മാറ്റം, അറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം: വെട്ടുകാട് തിരുന്നാളിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നാളെ പ്രഖ്യാപിച്ച പ്രാദേശിക അവധിയിൽ മാറ്റം. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം വ്യക്തമാക്കി വാർത്താക്കുറിപ്പ് ഇറക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ നാളെ ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കും. തിരുവനന്തപുരം , നെയ്യാറ്റിൻകര താലൂക്കുകളിലെയും കാട്ടാക്കട താലൂക്കിലെ 10 വില്ലേജുകളുടെ പരിധിയിലെ സ്ഥാപനങ്ങളും പ്രവർത്തിക്കും. ഈ സർക്കാർ സ്ഥാപനങ്ങളെ അവധിയിൽ നിന്ന് ഒഴിവാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
വെട്ടുകാട് തിരുന്നാൾ പ്രമാണിച്ച് നാളെ ഉച്ചയ്ക്ക് ശേഷമാണ് ജില്ലാ കളക്ടർ തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. എന്നാൽ പൊതുപരീക്ഷകൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കളക്ടർ അറിയിച്ചിരുന്നു. അതേസമയം തിരുന്നാൾ കൊടിയേറ്റ് കർമ്മം നാളെ വൈകിട്ട് ഇടവക വികാരി ഫാ. വൈ.എം. എഡിസൺ നിർവഹിക്കും. കൊടിയേറ്റിനോടനുബന്ധിച്ച് നാല് വീടുകളുടെ താക്കോൽദാനം ,ക്യാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായം, വിവാഹ സഹായം എന്നിവയുടെ വിതരണവും നടക്കും. 21ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ.സെൽവരാജൻ മുഖ്യകാർമ്മികത്വം വഹിക്കും. 22നാണ് പ്രദക്ഷിണം.