കൊച്ചി മെട്രോ: ഗർഡർ സ്ഥാപിക്കൽ കരുതലോടെ
കൊച്ചി: അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, കാക്കനാട്ടേയ്ക്കുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ഗർഡർ സ്ഥാപിക്കൽ അതീവ കരുതലോടെ. മെട്രോ ഗർഡറുകൾ സ്ഥാപിക്കുന്ന സമയത്ത് റോഡിന്റെ ഇരുവശവും തടഞ്ഞ് ബാരിക്കേഡുകൾ സ്ഥാപിക്കുന്നുണ്ട്. ഇരുവശത്തും സെക്യൂരിറ്റി ജീവനക്കാർ വാഹനങ്ങൾ തടയുകയും അപകട മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഗർഡറുകൾ സ്ഥാപിക്കുന്ന വിവരം പൊലീസ് സ്റ്റേഷനുകളിൽ മുൻകൂട്ടി അറിയിക്കാറുണ്ടെന്നും മെട്രോ അധികൃതർ പറഞ്ഞു.
ഗർഡർ സ്ഥാപിച്ചാലുടൻ വാഹനങ്ങൾ കയറ്റിവിടില്ല. സുരക്ഷിതമായി ഉറപ്പിച്ചെന്ന് വ്യക്തമായ ശേഷം മാത്രമേ ബാരിക്കേഡുകൾ മാറ്റൂ. ഇതിനെല്ലാം സിസ്റ്റം കൺസൾട്ടിംഗ് ഏജൻസിയുടെയും കെ.എം.ആർ.എല്ലിന്റെയും ഉദ്യോഗസ്ഥരുടെ മേൽനോട്ടവുമുണ്ട്.
മെട്രോ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലും ഗർഡറുകൾ സ്ഥാപിക്കുന്നതിൽ വീഴ്ചകൾ സംഭവിച്ചിട്ടില്ല. കലൂരിൽ ഒരു മെട്രോ തൂൺ നിർമ്മാണവേളയിൽ ഒടിഞ്ഞുവീണത് മാത്രമാണ് അനിഷ്ട സംഭവം.
1024 ഗർഡറുകൾ
490 യു ഗർഡറും 534 ഐ ഗർഡറും ഉൾപ്പെടെ 1024 ഗർഡറുകളാണ് രണ്ടാം ഘട്ടത്തിൽ സ്ഥാപിക്കുന്നത്. ഇതിൽ 200 എണ്ണത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. ഏഴ് ഗർഡറുകൾ സ്ഥാപിച്ചു.