സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍; രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാന്‍ റോയല്‍സിലേക്ക്

Thursday 13 November 2025 9:30 PM IST

ചെന്നൈ: ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മലയാളി സൂപ്പര്‍ താരം സഞ്ജു വി സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. ഐപിഎല്‍ ട്രേഡിംഗ് വഴിയാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സഞ്ജു ചെന്നൈയിലേക്ക് കൂടുമാറിയത്. സഞ്ജുവിനെ സ്വന്തമാക്കുന്നതിനായി മുന്‍ നായകന്‍ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറന്‍ എന്നിവരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സിന് കൈമാറി. താരക്കൈമാറ്റത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

കഴിഞ്ഞ സീസണ്‍ അവസാനിച്ചതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനോട് തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു സാംസണ്‍ ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ മുതല്‍ താരം ടീം വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് തന്നെയാകും താരത്തിന്റെ കൂടുമാറ്റമെന്നും ഉറപ്പായിരുന്നു. പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, മുംബയ് ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്കും സഞ്ജുവിന് ഒപ്പം കൂട്ടാന്‍ താത്പര്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചമുതലാണ് സഞ്ജുവിന്റെ സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റം വീണ്ടും ചര്‍ച്ചയായത്. സഞ്ജു സാംസണെ കൈമാറുന്നതിന് പകരമായി രവീന്ദ്ര ജഡേജ, ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡിവാള്‍ഡ് ബ്രെവിസ് എന്നിവരെ രാജസ്ഥാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ബ്രെവിസിനെ വിട്ടുനല്‍കാന്‍ ചെന്നൈ ഒരുക്കമായിരുന്നില്ല. ഇതോടെയാണ് ചര്‍ച്ചകള്‍ സാം കറനിലേക്ക് എത്തിയത്. രണ്ട് ദിവസം മുമ്പ് തന്നെ രാജസ്ഥാനും ചെന്നൈയും ഡീല്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ സാങ്കേതികമായ ചില കാര്യങ്ങളെത്തുടര്‍ന്നാണ് സ്ഥിരീകരണം വൈകിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് സഞ്ജു സാംസണ്‍ ഐപിഎല്ലിലേക്ക് എത്തുന്നത് എന്നാല്‍ ഒരു മത്സരം പോലും അവര്‍ക്കായി കളിച്ചിരുന്നില്ല. പിന്നീട് രാജസ്ഥാന്‍ റോയല്‍സിലേക്ക് പോയി. രാജസ്ഥാനെ വിലക്കിയ രണ്ട് വര്‍ഷത്തെ ഇടവേളയില്‍ ഡല്‍ഹിയായിരുന്നു സഞ്ജുവിന്റെ തട്ടകം. അവിടെ നിന്ന് രാജസ്ഥാനിലേക്ക് മടങ്ങുകയും ടീമിന്റെ നായകനാകുകയും ചെയ്തു. ഒരു സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കാനും സഞ്ജുവിനായി.