ഗവേഷണ പ്രബന്ധത്തിലെ പിഴവ് ചൂണ്ടിക്കാട്ടാൻ ഡീനിന് 4 അവസരം

Friday 14 November 2025 12:24 AM IST

തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടാൻ വകുപ്പ് മേധാവിക്കും ഡീനിനും ഓപ്പൺ ഡിഫൻസിന് മുൻപ് നാല് അവസരങ്ങളുണ്ട്. ഓരോ വർഷവും ഗവേഷണ വിവരങ്ങൾ ഡോക്ടറൽ കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിക്കണം.ഗവേഷണ കാലയളവായ മൂന്നു വർഷവും അങ്ങനെ ചെയ്യണം.

പ്രബന്ധം സർവകലാശാലയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള പ്രീ പ്രസന്റേഷൻ സെമിനാറാണ് നാലാമത്തെ അവസരം. ഇതിൽ യൂണിവേഴ്സിറ്റിക്ക് പുറത്തു നിന്നുള്ള ഒരു പ്രൊഫസർ, വകുപ്പ് മേധാവി, ഡീൻ, ഗൈഡ് എന്നിവർ അംഗങ്ങളാണ്. പ്രബന്ധത്തിന്റെ സംക്ഷിപ്ത രൂപം (സമ്മറി) യോഗത്തിൽ വിതരണം ചെയ്യും. കുറവുകളും പിശകുകളും ചൂണ്ടിക്കാട്ടാൻ ഡീനിനും വകുപ്പുമേധാവിക്കും അവസരമുണ്ട്. സർവകലാശാലയിലെ അദ്ധ്യാപകർക്കും മറ്റു വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ചൂണ്ടിക്കാട്ടുന്ന പിശകുകൾ പരിഹരിച്ച ശേഷമായിരിക്കണം പ്രബന്ധം ഓപ്പൺ ഡിഫൻസിനായി സമർപ്പിക്കേണ്ടത്.

ഗൈഡും വിദ്യാർത്ഥിയും ഒപ്പുവച്ചാണ് പ്രബന്ധം രജിസ്ട്രാർക്ക് കൈമാറുന്നത് . കോപ്പിയടിയില്ലെന്ന് തെളിയിക്കാനുള്ള പ്ലേജറിസം സർട്ടിഫിക്കറ്റ് ഗൈഡ് ഒപ്പിട്ട് നൽകണം. പ്രബന്ധത്തിന്റെ മൂന്ന് കോപ്പിയും പി.ഡി.എഫ് രൂപത്തിലുള്ള കോപ്പിയുമാണ് നൽകേണ്ടത്. ഇവ മൂന്ന് പ്രൊഫസർമാരാണ് പരിശോധിക്കുക. ഇതിലൊരാൾ ഗൈഡാണ്. രണ്ടുപേർ പുറമെ നിന്നുള്ളവരായിരിക്കും. ഗൈഡ് നൽകുന്ന 12പേരുടെ പാനലിൽ നിന്നാണ് രണ്ടു പ്രൊഫസർമാരെ വി.സി തിരഞ്ഞെടുക്കുക. 12ൽ രണ്ടുപേർ വിദേശ സർവകലാശാലകളിലെ പ്രൊഫസർമാരായിരിക്കണം.

പ്രബന്ധത്തിന്റെ ചുരുക്കരൂപം മൂന്നുപേർക്കും അയച്ച് സമ്മതം വാങ്ങിയശേഷമായിരിക്കും മൂല്യനിർണയത്തിന് അയയ്ക്കുക. മൂന്നുപേരുടെയും മൂല്യനിർണയ റിപ്പോർട്ട് അനുകൂലമായാലേ ഓപ്പൺ ഡിഫൻസ് നടത്തൂ. പിശകുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ അവസരം നൽകും. പ്രബന്ധം മോശമാണെന്ന്

ചൂണ്ടിക്കാട്ടിയാൽ നാലാമതൊരു പ്രൊഫസറെക്കൊണ്ട് മൂല്യനിർണയം നടത്തിക്കാൻ വി.സിക്ക് അധികാരമുണ്ട്. ഓപ്പൺ ഡിഫൻസിന്റെ ചെയർമാനെ വി.സിയാണ് തിരഞ്ഞെടുക്കുക. ഗൈഡാണ് കൺവീനർ. കേരള സർവകലാശാലയിൽ ചെയർമാന് പുറമെ വകുപ്പുമേധാവി, ഡീൻ, ഗൈഡ് എന്നിവർ വേദിയിലുണ്ടാവും. പുതിയ റഗുലേഷൻ പ്രകാരം ഇവരെല്ലാം ഒപ്പിട്ടെങ്കിലേ പ്രബന്ധം അംഗീകരിക്കൂ. ഇതിലൊരാൾ ഒപ്പിട്ടില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് റഗുലേഷനിൽ പറയുന്നില്ല. ഇതാണ് ഇപ്പോഴത്തെ ആശയക്കുഴപ്പത്തിന് കാരണം. പഴയ നിയമപ്രകാരം ചെയർമാൻ മാത്രം ഒപ്പിട്ടാൽ മതിയായിരുന്നു. പി.എച്ച്ഡി നൽകിയശേഷം പ്രബന്ധം സർവകലാശാലാ ലൈബ്രറിയിൽ പ്രദർശിപ്പിക്കും. പിഡിഎഫ് പകർപ്പ് യു.ജി.സിയുടെ ശോധ്ഗംഗ എന്ന പോർട്ടലിൽ പ്രസിദ്ധീകരിക്കും.

വിവാദമായ വിപിൻ വിജയന്റെ സംസ്കൃത പ്രബന്ധത്തിന്റെ ഓപ്പൺഡിഫൻസിൽ ചെയർമാനായിരുന്നത് അലഹാബാദ് പ്രയാഗ് രാജ് സർവകലാശാലയിലെ പ്രൊഫസർ അനിൽ പ്രതാപ് ഗിരിയായിരുന്നു. അദ്ദേഹം പിഎച്ച്ഡി ബിരുദം നൽകാമെന്നാണ് നിലപാടെടുത്തതെങ്കിലും വകുപ്പ് മേധാവിയും ഡീനുമായ ഡോ.വിജയകുമാരി ഒപ്പിടാൻ വിസമ്മതിച്ചു. ഓപ്പൺ ഡിഫൻസ് നടത്താൻ അനുമതി നൽകിയശേഷം എതിർത്തത് ജാതിവിവേചനം മൂലമാണെന്നാണ് ഗവേഷക വിദ്യാർത്ഥിയുടെ ആരോപണം.

ഓപ്പൺ ഡിഫൻസ് ഇങ്ങനെ

വിദ്യാർത്ഥി 4 5മിനിറ്റുകൊണ്ട് ഗവേഷണ വിവരങ്ങൾ അവതരിപ്പിക്കണം. അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം ആർക്കും ചോദ്യങ്ങൾ ഉന്നയിക്കാം. തൃപ്തികരമായ മറുപടി നൽകണം. മൂല്യനിർണയം നടത്തിയ മൂന്ന് അദ്ധ്യാപകരുടെ ചോദ്യങ്ങൾ ഒരാഴ്ച മുൻപ് വിദ്യാർത്ഥിക്ക് കൈമാറും. ഇതിനും മറുപടി നൽകണം. ആർക്കു വേണമെങ്കിലും ചോദ്യങ്ങൾ ചോദിക്കാം. ചെയർമാനാണ് ഗവേഷണ ബിരുദം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കുക. സംസ്കൃതം, അറബിക് ഗവേഷണ പ്രബന്ധങ്ങൾ കേരളയിലെ നിയമപ്രകാരം ഇംഗ്ലീഷിലും തയ്യാറാക്കാം.