എത്ര ഉന്നതനായാലും നടപടി ഉണ്ടാകും: എം.വി. ഗോവിന്ദൻ
ന്യൂഡൽഹി: ശബരിമല സ്വർണപ്പാളിക്കേസിൽ എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഉത്തരവാദികൾ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരും.
ശബരിമല സ്വർണ്ണപ്പാളി കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ അറസ്റ്റിനു പിന്നാലെ എ. പത്മകുമാറിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. അതിനിടെ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളി. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എം വൻ മുന്നേറ്റം ഉണ്ടാക്കുമെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പി.എം ശ്രീ പദ്ധതി സംബന്ധിച്ച് ഉപസമിതി റിപ്പോർട്ട് വന്നശേഷം നടപടിയെടുക്കും. എസ്.ഐ.ആർ മാറ്റിവയ്ക്കണമെന്ന് ബി.ജെ.പി ഒഴികെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടു. എസ്.ഐ.ആറിനെതിരെ സി.പി.എം സുപ്രീംകോടതിയെ സമീപിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.