കുടിവെള്ള ടാപ്പിൽ ചത്തപാമ്പ്

Friday 14 November 2025 12:58 AM IST

ചെങ്ങന്നൂർ : നൂറ്റവൻപാറയിലെ പൊതുകുടിവെള്ള വിതരണ ടാപ്പിൽ വെള്ളം നിലച്ചത് പെട്ടെന്നാണ്. ടാപ്പ് തകരാറിലായെന്നാണ് കരുതിയത്. അഴിച്ചുനോക്കിയപ്പോൾ നാട്ടുകാർ ഞെട്ടി. ഉള്ളിൽ ചത്ത പാമ്പ് !. പാമ്പിനെ മാറ്റിയതോടെ വെള്ളം ഒഴുകിത്തുടങ്ങിയെങ്കിലും മാലിന്യം നിറഞ്ഞ വെള്ളം ഉപയോഗിക്കാനാവാതെ ജനം ഭീതിയിലാണ്. വെള്ളത്തിന് നിറ വ്യത്യാസവുമുണ്ട്.

വെള്ളം പമ്പ് ചെയ്യുന്ന കിണറിനു ചുറ്റും മലിനജലം കെട്ടിക്കിടക്കുന്നുണ്ട്. പരിസരമാകെ കാട് വളർന്നു. വാട്ടർ അതോറിറ്റിയും പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയാണിത്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.