ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സെൻസസ് പ്രീടെസ്റ്റിന് കേരളത്തിൽ തുടക്കം

Friday 14 November 2025 12:57 AM IST

കൊച്ചി: 2027ൽ നടത്തുന്ന ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സെൻസസിന്റെ ഒന്നാംഘട്ട പ്രീടെസ്റ്റിന് പാലക്കാട്,എറണാകുളം,ഇടുക്കി ജില്ലകളിലെ സാമ്പിൾ പ്രദേശങ്ങളിൽ ഒരുക്കങ്ങൾ ആരംഭിച്ചു.പാലക്കാട് അട്ടപ്പാടിയിലെ കള്ളമല,ഷോളയൂർ വില്ലേജുകളിലും ഇടുക്കി ഇരട്ടയാർ വില്ലേജിലും എറണാകുളത്ത് കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ 1 മുതൽ 4 വരെയുള്ള വാർഡുകളിലുമാണ് പ്രീടെസ്റ്റ്. ജില്ലാ കളക്ടർമാരെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരായി നിയമിച്ചു. ഉടുമ്പൻചോല,അട്ടപ്പാടി താലൂക്കുകളിലെ തഹസിൽദാർമാരും കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയുമാണ് ചാർജ് ഓഫീസർമാർ. എന്യൂമറേറ്റർമാർ വീടുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.

ഡിജിറ്റൽ സെൻസസിന് രണ്ട് ഘട്ടങ്ങളുണ്ട്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും ജനസംഖ്യാ കണക്കെടുപ്പിനുമുള്ള വിവരങ്ങളും മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ശേഖരിക്കും. സെൻസസിന്റെ പുരോഗതി തത്സമയം നിരീക്ഷിക്കുന്നതിന് ആദ്യമായി സി.എം.എം.എസ് വെബ്പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്. 30 വരെ പ്രീടെസ്റ്റ് തുടരും. പൊതുജനങ്ങൾ വസ്‌തുതാപരമായ വിവരങ്ങൾ നൽകി സഹകരിക്കുകയും പ്രീടെസ്റ്റ് വിജയിപ്പിക്കുകയും ചെയ്യണമെന്ന് സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.