പട്ടാപ്പകൽ മോഷണശ്രമം

Friday 14 November 2025 12:04 AM IST

തിരുവല്ല : പട്ടാപ്പകൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി. റാന്നി അത്തിക്കയം മോതിരവയൽ സ്വദേശിയായ സുനിലാണ് പിടിയിലായത്. യോഗക്ഷേമ സഭയുടെ കീഴിലുള്ള കാവുംഭാഗം പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ക്ഷേത്രത്തിൽ ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. ആക്രി പെറുക്കാൻ എന്ന വ്യാജേന എത്തിയായിരുന്നു മോഷണശ്രമം. ക്ഷേത്ര കവാടത്തിനോട് ചേർന്ന കാണിക്കവഞ്ചിയുടെ താഴ് ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചുമാറ്റാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ക്ഷേത്രത്തിന് സമീപത്തെ ശ്രീശങ്കര വിദ്യാപീഠത്തിലെ വിദ്യാർത്ഥിയെ വിളിക്കാനെത്തിയ രക്ഷിതാവാണ് ക്ഷേത്രത്തിനകത്തു നിന്ന് ശബ്ദം കേട്ടത്.