കാട്ടാത്തി ഉന്നതിയിൽ എന്യൂമറേഷൻ ഫോം വിതരണം
പത്തനംതിട്ട : തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറായ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ കോന്നി കാട്ടാത്തി ഉന്നതിയിൽ സന്ദർശനം നടത്തി. നാടിന്റെ വികസനം സാദ്ധ്യമാക്കുന്നതിനും സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനും വോട്ടർ പട്ടികയിൽ പേര് ചേർത്ത് വോട്ടവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കോന്നി മണ്ഡലത്തിലെ 210-ാം നമ്പർ ബൂത്ത് പരിധിയിലുള്ള കാട്ടാത്തി ഉന്നതിയിലുള്ളവർക്ക് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ബി.എൽ.ഒ കെ.മനോജ് എന്യൂമറേഷൻ ഫോം വിതരണം ചെയ്തു. ആകെ 55 വോട്ടർമാരാണ് ഉന്നതിയിലുള്ളത്. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം നവംബർ നാലിന് ആരംഭിച്ചു. ബൂത്ത് ലെവൽ ഓഫീസർമാർ വോട്ടർമാരുടെ വീട്ടിൽ എത്തിയാണ് ഫോം വിതരണം ചെയ്യുന്നത്. വോട്ടർമാർക്ക് ഫോം പൂരിപ്പിക്കുന്നതിന് ബിഎൽഒ മാർ സഹായിക്കും. എന്യുമറേഷൻ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളിൽ കളക്ഷൻ സെന്ററുകൾ സജീകരിച്ചിട്ടുണ്ട്. പ്രാഥമിക വോട്ടർ പട്ടിക പ്രസിദ്ധീകരണം ഡിസംബർ ഒമ്പതിനും ആവശ്യങ്ങൾക്കും എതിർപ്പുകൾക്കും അപേക്ഷിക്കാനുള്ള കാലയളവ് 2025 ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി എട്ടു വരെയും നോട്ടീസ് ഘട്ടം 2025 ഡിസംബർ ഒൻപത് മുതൽ 2026 ജനുവരി 31 വരെയുമാണ്. അവസാന വോട്ടർ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.