വാർഡ് വിഭജനം, 48 പടികൾ കയറാതെ മുണ്ടുകോട്ടയ്ക്കലുകാർക്ക് ഇനി വോട്ടുചെയ്യാം
പത്തനംതിട്ട : നഗരസഭയിലെ ആറാം വാർഡായിരുന്ന മുണ്ടുകോട്ടയ്ക്കൽ വാർഡ് പുനക്രമീകരണത്തിലൂടെ ഒന്നാം വാർഡാകുമ്പോൾ വോട്ടർമാർക്ക് 48 പടികൾ കയറാതെ ഇത്തവണ വോട്ടുരേഖപ്പെടുത്താനാകും.
മുണ്ടുകോട്ടയ്ക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ യു.പി സ്‌കൂളിലായിരുന്നു ആറാം വാർഡിലെ പോളിംഗ് ബൂത്ത് പ്രവർത്തിച്ചിരുന്നത്. നാൽപത്തെട്ട് പടികൾ കയറി ബൂത്തിലെത്തി വോട്ട് ചെയ്യാൻ പ്രായമായവരും ഭിന്നശേഷിക്കാരും ഏറെ ബുദ്ധിമുട്ടിയിരുന്നു. കോടതി വിധി പ്രകാരം ഡോളി സൗകര്യം ഏർപ്പെടുത്തിയാണ് പലപ്പോഴും ഇവിടെ ബൂത്ത് പ്രവർത്തിച്ചിരുന്നത്.
പടികളേറെയുള്ള ബൂത്തിൽ എത്തി വോട്ടു ചെയ്യാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് ഡോളി ക്രമീകരിക്കാൻ ഉത്തരവായത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നീടു നടന്ന നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും ഡോളി ക്രമീകരിച്ചിരുന്നു. 986 വോട്ടർമാരാണ് മുണ്ടുകോട്ടയ്ക്കൽ വാർഡിലുള്ളത്.
പോളിംഗ് ബൂത്ത് സ്മാർട്ട് അങ്കണവാടിയിൽ
മുണ്ടുകോട്ടയ്ക്കൽ സ്മാർട്ട് അങ്കണവാടിയിലാണ് ഇത്തവണ മുണ്ടുകോട്ടയ്ക്കൽ വാർഡിലെ ജനങ്ങൾ വോട്ട് ചെയ്യുക. മുണ്ടുകോട്ടയ്ക്കൽ, ശാരദാ മഠം വാർഡുകളിലെ പോളിംഗ് ബൂത്തുകൾ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ യു.പി സ്‌കൂളിലായിരുന്നു വർഷങ്ങളായി പ്രവർത്തിച്ചിരുന്നത്. ശാരദാമഠം വാർഡിലെ പോളിംഗ് ബൂത്തും മറ്റൊരിടത്തേക്ക് മാറ്റാനായി അധികൃതർ ശ്രമിക്കുന്നുണ്ട്. ഫലം കണ്ടാൽ ഇത്തവണ സ്കൂളിൽ വോട്ടെടുപ്പുണ്ടാവില്ല.
പോളിംഗ് ബൂത്തിനായി നിശ്ചയിച്ചതോടെ മുണ്ടുകോട്ടയ്ക്കൽ സ്മാർട്ട് അങ്കണവാടി പുതിയ തയ്യാറെടുപ്പിലാണ്. ഇവിടേക്കുള്ള റോഡുകൾ കോൺക്രീറ്റ് ചെയ്യാനുള്ള നടപടികളായി.