പ്രമാടത്ത് മത്സരം തീപാറും : ഇടംവലം ബലാബലം

Friday 14 November 2025 12:19 AM IST

പ്രമാടം : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ആദ്യമായി അധികാരത്തിൽ എത്തിയ പ്രമാടം ഗ്രാമപഞ്ചായത്തിൽ ഇത്തവണ തീപാറും. ഭരണം നിലനിറുത്താൻ എൽ.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ എൻ.ഡി.എയും കച്ചമുറുക്കുകയാണ്. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ മുന്നണികൾക്കുള്ളിൽ ഏകദേശ ധാരണയായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതോടെ പ്രചാരണം ശക്തമാകും.

പ്രമാടം ഗ്രാമപ്പഞ്ചായത്ത് തുടക്കം മുതൽ കോൺഗ്രസിനൊപ്പമായിരുന്നു. കഴിഞ്ഞ തവണയാണ് എൽ.ഡി.എഫ് ആദ്യമായി ഭരണത്തിൽ എത്തുന്നത്. എൻ.ഡി.എയ്ക്ക് രണ്ട് സീറ്റുകളിൽ വിജയം നേടാനായി.

എൽ.ഡി.എഫിലെ ധാരണ അനുസരിച്ച് 16 വാർഡുകളിൽ സി.പി.എമ്മും മൂന്ന് വാർഡുകളിൽ സി.പി.ഐയും ഒരു വാർഡിൽ കേരള കോൺഗ്രസ് എമ്മുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ എല്ലാ സീറ്റുകളിലും കോൺഗ്രസായിരിക്കും മത്സരിക്കുക. എൻ.ഡി.എയിൽ ബി.ജെ.പിയാണ് സജീവമായി രംഗത്തുള്ളത്. പല വാർഡുകളിലും സ്വതന്ത്ര സ്ഥാനാർത്ഥികളും കോൺഗ്രസ് റിബലുകളും രംഗത്തുണ്ട്. എൻ.നവനിത്താണ് നിലവിലെ പ്രസിഡന്റ്.

പഞ്ചായത്തിന്റെ വിസ്തൃതി : 37.1 ചതുരശ്ര കിലോമീ​റ്റർ,

വാർഡുകളുടെ എണ്ണം : 20

നിലവിലെ കക്ഷി നില :

എൽ.ഡി.എഫ് : 9

യു.ഡി.എഫ് : 8

എൻ.ഡി.എ : 2

പ്രധാന പ്രശ്നങ്ങൾ

കുടിവെള്ള ക്ഷാമമാണ് പഞ്ചായത്തിലെ പ്രധാന പ്രശ്നം. സമ്പൂർണ്ണ കുടിവെള്ള പദ്ധതികൾക്കായി സർക്കാർ കോടികളുടെ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പൂർണ്ണതയിൽ എത്തിക്കാൻ ഒരു ഭരണസമിതികൾക്കും കഴിഞ്ഞിട്ടില്ല. വന്യമൃഗ ശല്യമാണ് മറ്റൊരു പ്രധാന പ്രശ്നം. കൃഷിയാണ് പ്രദേശ വാസികളുടെ പ്രധാന ഉപജീവനമാർഗ്ഗം. പൊതുശ്മശാനമില്ലാത്തതും മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനമില്ലാത്തതും പ്രതിസന്ധികളാണ്.