നാലാം ക്ലാസുകാരുടെ യു ട്യൂബ് ചാനൽ ഹിറ്റ്
കോട്ടയം: കാർട്ടൂൺ കണ്ടും ഗെയിം കളിച്ചും ഒഴിവുസമയം പാഴാക്കിയിരുന്ന കുട്ടികൾ ഇപ്പോൾ വാർത്തകളുടെ ലോകത്താണ്. രാമപുരം സേക്രഡ് ഹാർട്ട് എൽ.പി സ്കൂളിലെ നാലാം ക്ളാസുകാരാണ് വാർത്തയുടെ ലോകത്തെ ബാലപാഠമാകുന്നത്.
സ്കൂൾ ഹെഡ്ലൈൻ എന്ന പേരിൽ വാർത്തകൾ മൈക്കിലൂടെ വായിച്ചായിരുന്നു തുടക്കം. ഈ വർഷം മുതലാണ് അത് യു ട്യൂബ് വാർത്താ ചാനലായത്. 'എസ്.എച്ച് എൽ.പി ന്യൂസ്" എന്നാണ് പേര്. തിങ്കൾ മുതൽ വെള്ളിവരെ സ്കൂളിൽ നടന്ന സംഭവങ്ങൾ ആറ് വാർത്തകളാക്കി വെള്ളിയാഴ്ച വൈകിട്ട് ഷൂട്ട് ചെയ്യും. ശനിയാഴ്ചയാണ് സംപ്രേഷണം. അദ്ധ്യാപകൻ ജോയലും കുട്ടികളും ചേർന്ന് മൊബൈൽ ഫോണിലാണ് ഷൂട്ട് ചെയ്യുന്നത്. നാലാം ക്ലാസിലെ രണ്ട് ഡിവിഷനുകളിലായുള്ള ഗൗരി ഹരീഷും നിവേദ്യ രഞ്ജിതും ജെറി അമലും ഉൾപ്പെടെ 44 പേർക്കും സന്തോഷം.
ഓരോ ആഴ്ചയും ഓരോ അവതാരകർ, ഓരോ റിപ്പോർട്ടർമാർ. പ്രോംപ്ടർ ഇല്ലാത്തതിനാൽ കാണാതെ പഠിച്ചാണ് അവതരണം. വോയ്സ് ഓവറും എഡിറ്റിംഗും കുട്ടികൾതന്നെ. പ്രാദേശിക ലേഖകൻ ഹരീഷായിരുന്നു ആദ്യകാലസഹായി.
വാർത്തയ്ക്ക് ഇംപാക്‌ട്
സ്കൂളിനു മുന്നിലെ ഓടനിറഞ്ഞ് വെള്ളക്കെട്ടുണ്ടായ വാർത്ത നൽകി ദിവസങ്ങൾക്കകം പഞ്ചായത്ത് നടപടി സ്വീകരിച്ചു. 16 മിനിട്ട് വാർത്തയിൽ വിദ്യാർത്ഥികളുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ വിശേഷം അടക്കം ഇടംപിടിക്കും. ചാനലിന് മോണിട്ടൈസേഷനും ലഭിച്ചു.
ചാനൽ ആരംഭിച്ചതിനുശേഷം കുട്ടികൾ ഗൗരവമായി വാർത്തകളെ സമീപിക്കുന്നുണ്ട്. പത്രവായനാശീലവും കൂടി.
-സിസ്റ്റർ ലിസ മാത്യു,
ഹെഡ്മിസ്ട്രസ്