ജനശക്തി വാർഡിൽ നാത്തൂൻ പോര്

Friday 14 November 2025 12:21 AM IST

മണക്കാല : ഏറത്ത് ഗ്രാമപഞ്ചായത്തിലെ ജനശക്തി 17 ാം വാർഡിൽ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നത് നാത്തൂന്മാർ. മണക്കാല സജി ഭവനത്തിൽ സജിയുടെ ഭാര്യ അനിതകുമാരി യു.ഡി.എഫ് സ്ഥാനാർത്ഥിയായും സഹോദരി കെ.ഗീത എൽ.ഡി.എഫ് സ്ഥാനാർത്ഥിയായും മത്സരിക്കുന്നു. അനിത കുമാരി വിവാഹത്തിന് മുൻപ് കൊല്ലം ജില്ലയിലെ കരീപ്ര പഞ്ചായത്തിൽ 2000 - 2005 കാലയളവിൽ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. നാത്തൂൻമാർ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുമ്പോൾ ജനശക്തി നഗറിൽ അവേശമേറുകയാണ്. ഇക്കുറി വാർഡ് പട്ടികജാതി സംവരണമാണ്. എൻ.ഡി.എ ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർഥി ആരായാലും ഇനിയും യാഥാർത്ഥ്യമാകാത്ത ജനശക്തി നഗർ സ്മാരകം തിരഞ്ഞെടുപ്പിലെ മുഖ്യചർച്ചയാകും.