വെട്ടിത്തിളങ്ങി സ്വർണ പണയ വിപണി

Friday 14 November 2025 12:24 AM IST

സ്വർണ വായ്‌പകൾക്ക് പ്രിയമേറുന്നു

കൊച്ചി: ഉയരങ്ങൾ കീഴടക്കി പവൻ വില കുതിച്ചതോടെ രാജ്യത്തെ സ്വർണ പണയ വിപണി കുതിക്കുന്നു. പൊതുമേഖല, സ്വകാര്യ ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സ്വർണ പണയ ബിസിനസിൽ മികച്ച വളർച്ചയാണ് ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ദൃശ്യമായത്. നടപ്പുവർഷം ആദ്യ പത്ത് മാസത്തിനിടെ സ്വർണ വായ്പ വിതരണം 116 ശതമാനം വർദ്ധനയോടെ 3.16 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം സ്വർണ പണയത്തിലെ വളർച്ച 51 ശതമാനമായിരുന്നു. റിസർവ് ബാങ്ക് വ്യക്തിഗത വായ്പകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതാണ് സ്വർണ പണയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നത്.

പൊതുമേഖല ബാങ്കുകളിൽ കനറാ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തുടങ്ങിയവയാണ് സ്വർണ പണയ രംഗത്ത് മുൻനിരയിലുള്ളത്. സ്വകാര്യ ബാങ്കുകളിൽ എച്ച്.ഡി.എഫ്. സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയ്ക്കാണ് വിപണി വിഹിതം കൂടുതലുള്ളത്.

അതേസമയം കേരളത്തിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ്, മണപ്പുറം ഫിനാൻസ് എന്നിവ സ്വർണ പണയ രംഗത്ത് സ്ഥിരതയോടെ മുന്നേറുകയാണ്.

പവൻ വിലയിൽ കുതിപ്പ്

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നലെ സ്വർണ വില രണ്ട് ഘട്ടമായി 2,280 രൂപ ഉയർന്ന് 94,320 രൂപയിലെത്തി. സിംഗപ്പൂർ വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 35 ഡോളർ ഉയർന്ന് 4,230 ഡോളറിൽ എത്തിയിരുന്നു. രാവിലെ ഗ്രാമിന് 210 രൂപയും ഉച്ചയ്ക്ക് ശേഷം 75 രൂപയുമാണ് കൂടിയത്. അമേരിക്കയിൽ പലിശ കുറയുമെന്ന വാർത്തകളാണ് സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചത്.

സ്വർണ വായ്പകൾ 15 ലക്ഷം കോടി രൂപയാകും

അടുത്ത വർഷം മാർച്ചോടെ രാജ്യത്തെ മൊത്തം സ്വർണ വായ്പ പോർട്ട്ഫോളിയോ 15 ലക്ഷം കോടി രൂപ കടക്കുമെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഐ.സി.ആർ.എ വ്യക്തമാക്കി. പ്രതീക്ഷിച്ചതിലും മികച്ച വളർച്ചയാണ് ഈ രംഗത്ത് ദൃശ്യമാകുന്നത്.

സ്വർണത്തിന്റെ മൂല്യത്തിന്റെ വായ്‌പാ അനുപാതം

75 ശതമാനം

വായ്പകൾക്ക് ഈടാക്കുന്ന പലിശ

7.75 ശതമാനം മുതൽ 29 ശതമാനം വരെ