ശബരിമല സ്വർണക്കൊള്ള: മുൻകൂർ ജാമ്യാപേക്ഷ തള്ളി

Friday 14 November 2025 12:24 AM IST

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണം കവർന്ന കേസിൽ നാലാം പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്.ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ കോടതി തള്ളി. ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് ഇനി ജയശ്രീയെ അറസ്റ്റ് ചെയ്യാൻ തടസമില്ല. മുൻകൂർ ജാമ്യത്തിനായി ജയശ്രീ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജില്ലാ കോടതിയെ സമീപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ദ്വാരപാലക ശില്പത്തിലെ ചെമ്പുതകിടുകൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ടു എന്നതാണ് ജയശ്രീക്കെതിരായ കുറ്റം.

ശാസ്ത്രീയ തെളിവെടുപ്പ് 17ന് ശബരിമലയിലെ സ്വർണക്കവർച്ചയെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം 17ന് സന്നിധാനത്ത് ശാസ്ത്രീയ തെളിവെടുപ്പ് നടത്തും. ഹൈക്കോടതിനിർദ്ദേശ പ്രകാരം ദേവന്റെ അനുജ്ഞ വാങ്ങിയ ശേഷമാകും തെളിവെടുപ്പ് . മണ്ഡല പൂജയ്ക്കായി 16ന് വൈകിട്ട് നടതുറക്കും. 17ന് ഉച്ചപൂജയ്ക്കുശേഷം ദേവന്റെ അനുജ്ഞവാങ്ങും. നടയടച്ചശേഷം സ്വർണം , ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുടെ സൈഡ് പില്ലർ പാളികളുടെ തൂക്കം, 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തെ സ്വർണത്തിന്റെ സാമ്പിളുകൾ, മറ്റിടങ്ങളിലെ സാമ്പിളുകൾ, ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളകളിലെയും ചെമ്പുപാളികളുടെ സാമ്പിളുകൾ തുടങ്ങിയവ തെളിവെടുപ്പിനായി ശേഖരിക്കും.