4000 കോടി രൂപ നിക്ഷേപത്തിന് സഫാ ഗോൾഡ്
കൊച്ചി: കേരളത്തിൽ വേരുകളുള്ള പ്രമുഖ ജുവലറി ഗ്രൂപ്പായ സഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വിപണിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു. ഇന്ത്യ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സാന്നിദ്ധ്യമുള്ള ഗ്രൂപ്പ് അഞ്ച് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ 100 ജുവലറികളും 250 ക്ലാരസ് ലൈഫ്സ്റ്റൈൽ സ്റ്റോറുകളും ആരംഭിക്കും. ഇക്കാലയളവിൽ 4000 കോടി രൂപ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്. വിപുലീകരണത്തിന്റെ ആദ്യ ഘട്ടത്തിൽ സഫാ ജുവലറി, ക്ലാരസ് ഡിസൈനർ ജുവലറി എന്നീ ബ്രാൻഡുകളെ 'സഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സ്' എന്ന ഒറ്റ ബ്രാൻഡിലേക്ക് മാറ്റും.
സഫാ ഗോൾഡിന്റെ പുതിയ ലോഗോ ബ്രാൻഡ് അംബാസിഡർ ബേസിൽ ജോസഫ് പുറത്തിറക്കി. ബ്രാൻഡ് നവീകരണത്തിലൂടെ ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലും സഫായുടെ സാന്നിദ്ധ്യം ശക്തമാക്കുമെന്ന് സഫാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ടി.എം.എ. സലാം പറഞ്ഞു.
തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ പുതിയ സ്റ്റോറുകൾ ആരംഭിക്കുമെന്ന് സഫാ ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ. എം. മുഹമ്മദ് ഇജാസ് പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ സഫാ ഗ്രൂപ്പ് ഡയറക്ടർമാരായ അബ്ദുൾ നാസർ കെ. ടി., മുഹമ്മദ് ഹനീഫ, ജനറൽ മാനേജർ അബ്ദുൽ മജീദ്, റീട്ടെയിൽ ഹെഡ് ഡി. കെ. അഖിൽ , മാർക്കറ്റ് ഹെഡ് കെ.ടി. സൈഫുൽ ഇസ്ലാം, സഫാ ഗ്രൂപ്പ് ബ്രാൻഡ് കൺസൾട്ടന്റ് വി. എ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.