നവീൻ ബാബു കേസ് അന്വേഷിച്ച റിട്ട. എ.സി.പി സി.പി.എം സ്ഥാനാർത്ഥി
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യാപ്രേരണക്കേസിൽ അന്വേഷണം നയിച്ച കണ്ണൂർ റിട്ട. എ.സി.പി ടി.കെ.രത്നകുമാർ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ കോട്ടൂർ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോട്ടൂർ സ്വദേശിയായ രത്നകുമാർ ഈ വർഷം മാർച്ചിലാണ് വിരമിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിച്ചതിനു ശേഷമായിരുന്നു റിട്ടയർമെന്റ്.
എൽ.ഡി.എഫ് ചെയർമാൻ സ്ഥാനാർത്ഥിയായാണ് രത്നകുമാറിന്റെ മത്സരമെന്നാണ് വിവരം. കോട്ടൂർ വാർഡ് സി.പി.എമ്മിന്റെ ശക്തികേന്ദ്രമായതിനാൽ രത്നകുമാറിന് വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയാണ് പ്രതി. അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു.
പൊലീസ് തല്ലിച്ചതച്ച സുജിത്ത് ബ്ളോക്ക് പഞ്ചായത്തിലേക്ക്
തൃശൂർ: കുന്നംകുളം പൊലീസിന്റെ കസ്റ്റഡി മർദ്ദനത്തിന് ഇരയായ വി.എസ്.സുജിത്ത് മത്സരത്തിന്. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് ചൊവ്വന്നൂർ ഡിവിഷനിൽ നിന്നാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. സുജിത്തിനെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഞെട്ടലോടെയും ഭീതിയോടെയുമാണ് കേരളം കണ്ടത്. വിവരാവകാശപ്രകാരം സുജിത്ത് പുറംലോകത്തെത്തിച്ച ദൃശ്യങ്ങൾ വിവാദമാകുകയും പൊലീസുകാർക്കെതിരെ നടപടി വരികയും ചെയ്തിരുന്നു. സുജിത്തിന്റെ ദൃശ്യം പുറത്തു വന്നതോടെയാണ് പീച്ചിയിലെ പൊലീസ് മർദ്ദനവും പുറത്തുവന്നത്. ഇതോടെ പൊലീസ് മർദ്ദനം വ്യാപകമായി ചർച്ചയായി.