സ്വർണക്കൊള്ള:പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യലിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ഇന്നു ഹാജരായേക്കും. പ്രത്യേക അന്വേഷണ സംഘം മൂന്നാമതും നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണിത്.
അടുത്ത ബന്ധുവിന്റെ മരണം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം സാവകാശം തേടിയത്. എന്നാൽ, ഹാജാരാകാൻ എസ്.ഐ.ടി വീണ്ടും നോട്ടീസ് നല്‍കി. സ്വർണക്കൊള്ള നടക്കുമ്പോൾ ദേവസ്വം കമ്മിഷണറായിരുന്ന എൻ. വാസു അറസ്റ്റിലായിരുന്നു. വാസുവിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായ പത്മകുമാറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. പിന്നാലെ അന്നത്തെ ബോർഡ് അംഗങ്ങളെയും ചോദ്യം ചെയ്യും. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ എട്ടാം പ്രതിയാണ് അന്നത്തെ ബോർഡ്. വാസുവിനെ മൂന്നാം പ്രതിയാക്കി ഈ കേസിലാണ് അറസ്റ്റ് ചെയ്തത്.
ശബരിമല സ്വർണക്കൊള്ളയ്ക്കായി ആസൂത്രിത ഗൂഢാലോചന നടന്നുവെന്ന് എസ്.ഐ.ടി പറയുന്നു. ഗൂഢാലോചന സ്വർണപ്പാളി കൊണ്ടുപോകുന്നതിന് ഒരു വർഷം മുമ്പ് പോറ്റിയുടെ ബംഗളൂരുവിലെ വസതി കേന്ദ്രീകരിച്ച് നടന്നതായാണ് കണ്ടെത്തൽ.