മൂന്നാംക്ളാസുകാരി ആഭരണ സംരംഭക മാസവരുമാനം 5,000 രൂപ വരെ
ആലപ്പുഴ: എട്ടാംവയസിൽ ആഭരണനിർമ്മാണ സംരംഭക. മാസവരുമാനം 5,000 രൂപവരെ. ഹരിപ്പാട് തൃക്കുന്നപ്പുഴ കുമ്പളശ്ശേരിൽ വടക്കതിൽ സുധീർകുമാർ- നീതു ദമ്പതികളുടെ മകളും മണ്ണാറശാല യു.പി സ്കൂളിലെ മൂന്നാംക്ളാസ് വിദ്യാർത്ഥിനിയുമായ എൻ.അനന്തലക്ഷ്മിയാണ് (ലച്ചു) ഈ കൊച്ചുമിടുക്കി.
സ്കൂൾ പ്രവൃത്തി പരിചയമേളയിൽ മത്സരിക്കാനായാണ് ആഭരണ നിർമ്മാണം പരിശീലിച്ചത്. മത്സരശേഷവും ആഭരണനിർമ്മാണം തുടർന്ന അനന്തലക്ഷ്മിയോട് സ്കൂളിൽ നടന്ന ഉപജില്ല കലോത്സവത്തോടനുബന്ധിച്ച് പ്രധാന വേദിയോടു ചേർന്ന് ആഭരണ സ്റ്റാൾ തുടങ്ങാൻ ഹെഡ്മിസ്ട്രസ് ബിന്ദുവാണ് പ്രോത്സാഹിപ്പിച്ചത്.
കുട്ടികളും അദ്ധ്യാപകരും ചേർന്ന് 3,000 രൂപയുടെ ആഭരണങ്ങൾ വാങ്ങി. സ്റ്റാളിന്റെ ചിത്രങ്ങൾ അമ്മ നീതു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ആവശ്യക്കാർ കൂടി. അതോടെ ലച്ചിക് ബീഡ്സ് എന്ന പേരിൽ സ്വന്തം സംരംഭത്തിന് തുടക്കമിട്ടു.
അമ്മയുടെ സഹായത്തോടെ മുത്തുകളും കല്ലുകളും നൂലുമടക്കം വാങ്ങി. ആദ്യ വരുമാനത്തിൽ നിന്ന് തന്നോളം വലിപ്പമുള്ള ഒരു ടെഡി ബിയറിനെ സ്വന്തമാക്കി. മാല, കമ്മൽ, കൈചെയിൻ, തലയിൽ വെയ്ക്കുന്ന ബോ എന്നിവയടങ്ങുന്ന സെറ്റിന് 150 രൂപയാണ്. വൈകിട്ട് നാലു മുതൽ ആറു വരെയും അവധിദിവസങ്ങളിലുമാണ് ആഭരണനിർമ്മാണം. ഉജ്ജ്വലബാല്യം പുരസ്കാര ജേതാവ് അമൃതവർഷിണിയാണ് സഹോദരി.