ജീവിതം വീൽച്ചെയറിൽ, തിരക്കുള്ള ടൂർ ഓപ്പറേറ്റർ, ശ്രീനിധിയെ തോൽപ്പിക്കാനാവില്ല രോഗത്തിന്
കണ്ണൂർ: വീൽച്ചെയറിലാണ് ജീവിതം. എല്ലുകൾക്ക് ബലക്ഷയം വരുന്ന സെറിബ്രൽ പാൾസി രോഗബാധിതൻ. ഇതിനകം നടത്തിയത് ഇരുപത് ശസ്ത്രക്രിയകൾ. അടുത്തയാഴ്ച വീണ്ടും തുടയെല്ലിന് സർജറി. വേദന സംഹാരിയാണ് ആശ്വാസം. എല്ലുനുറുങ്ങും വേദനയിലും വിധിയെ പഴിച്ച് ഒതുങ്ങിക്കൂടാൻ പിലാത്തറ ചുമടുതാങ്ങി സ്വദേശി ടി.വി. ശ്രീനിധി കേശവനെ കിട്ടില്ല. തിരക്കുള്ള ടൂർ ഓപ്പറേറ്ററാണ് ഈ 21കാരൻ.
വിദേശയാത്രകൾക്കടക്കം ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു നൽകും. രാജ്യത്തിനകത്തും പുറത്തുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ടൂർ പാക്കേജുകൾ റെഡിയാക്കും. എറണാകുളത്തെ 'ട്രാവൽ ഗൈഡ്' എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ശ്രീനിധിയുടെ ടൂറിസം ബിസിനസ്. അവധിക്കാലത്ത് സുഹൃത്തുക്കളോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്തതിന്റെ അനുഭവത്തിലാണ് ടൂറിസം മേഖലയിലേക്ക് പ്രവേശിച്ചത്. ഒപ്പം മെഡിക്കൽ അപ്പോയ്ന്റ്‌മെന്റ് ബുക്കിംഗും നടത്തുന്നു.
സെറിബ്രൽ പാൾസി ക്വാഡ്രാപ്ലീജിക്സിവിയർ എന്ന രോഗാവസ്ഥയോടെ ജനിച്ച ശ്രീനിധി
പയ്യന്നൂർ കോളേജിൽ ബി.എ ഇംഗ്ലീഷ് സാഹിത്യ ഫൈനൽ ഇയർ വിദ്യാർത്ഥി കൂടിയാണ്. അമ്മയാണ് കോളേജിലേക്ക് കൊണ്ടുപോയി തിരികെ കൊണ്ടുവരുന്നത്. സഹപാഠി ദർശൻ നോട്ടുകൾ ഒരുക്കി സഹായിക്കും. ആരോഗ്യം അനുവദിക്കാത്തതിനാൽ കുറച്ചുനാളായി ക്ലാസ് മുടങ്ങിയിരിക്കുകയാണ്.
എസ്.എസ്.എൽ.സിക്കും ഹയർസെക്കൻഡറിയിലും ഉന്നതവിജയം നേടിയിരുന്നു. പെരിങ്ങോം കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപകൻ ടി.വി.മാധവന്റെയും ലളിതാംബികയുടെയും മകനാണ്. ബി.ടെക് വിദ്യാർത്ഥി ശ്രീവർദ്ധൻ സഹോദരൻ.
ഭിന്നശേഷിക്കാർക്കായി
സന്നദ്ധ സംഘടന
ഭിന്നശേഷിക്കാരെ മൊബൈൽ, കമ്പ്യൂട്ടർ, സ്‌പോക്കൺ ഇംഗ്ലീഷ് എന്നിവ പരിശീലിപ്പിക്കുന്നതിനായി സുഹൃത്തുക്കളുമായി ചേർന്ന് 'സ്‌ക്രീൻ റീഡർ ടോക്സ്' (എസ്.ആർ. ടോക്സ്) എന്ന സന്നദ്ധ സംഘടന രൂപീകരിച്ചിട്ടുണ്ട്. പി.എസ്.സി കോച്ചിംഗും നൽകുന്നു. അതുൽ കൃഷ്ണ, അർജുൻ, ഹരികൃഷ്ണൻ, ഉണ്ണിപുത്തൂർ, ലളിതാംബിക എന്നിവരാണ് സംഘടനയിലെ മറ്റംഗങ്ങൾ. സംഘത്തിലെ നാലുപേർ ഭിന്നശേഷിക്കാരാണ്.
''എന്നെ കാണുമ്പോൾ നിങ്ങൾക്ക് കണ്ണീർ വന്നേക്കാം. പക്ഷേ, എന്റെ മുന്നിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നതാണ് എനിക്കിഷ്ടം. വേദന സംഹാരി കഴിച്ചാലും ഉറങ്ങാൻ പറ്റാത്ത രാത്രികളുണ്ട്. എങ്കിലും വെറുതെ ഇരിക്കാൻ ഇഷ്ടമില്ല. സ്വന്തം കാലിൽ നിൽക്കണം. -ശ്രീനിധി കേശവൻ