ജില്ലാ ആശുപത്രിയിൽ ജീവനിട്ട് പന്താട്ടം
കൊല്ലം: അത്യാഹിതങ്ങൾ സംഭവിച്ചും രോഗം മൂർച്ഛിച്ചും എത്തുന്ന രോഗികൾക്ക് പ്രാഥമിക ചികിത്സ മാത്രം നൽകി റഫർ ചെയ്ത് തലയൂരുന്നത് ജില്ലാ ആശുപത്രിയിൽ പതിവാകുന്നു. ചവറ സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണുവിനെ മരണത്തിലേക്ക് തള്ളിവിട്ടത് ജില്ലാ ആശുപത്രിയിലെ തലയൂരൽ തന്ത്രമാണ്.
സമാനമായ തരത്തിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മൺറോത്തുരുത്ത് സ്വദേശിക്ക് കാര്യമായ പ്രാഥമിക ചികിത്സ നൽകാതെ റഫർ ചെയ്ത് ഗുരുരാവസ്ഥയിലേക്ക് തള്ളിവിട്ടു. ജില്ലാ ആശുപത്രിയിൽ എമർജൻസി കാർഡിയാക് ഐ.സി.യുവും കാത്ത് ലാബും ഉണ്ടായിട്ടും അടിയന്തര ഹൃദയ ശസ്ത്രക്രിയകൾ നടത്താൻ ജില്ലാ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം തയ്യാറാകുന്നില്ല.
കാത്ത് ലാബിൽ അത്യാധുനിക സംവിധാനങ്ങളുണ്ടായിട്ടും ഒരു കാർഡിയാക് സർജനെയുള്ളു. രാത്രിസമയത്ത് കാഷ്വാലിറ്റിയിൽ ആകെ ഒരു മെഡിക്കൽ ഓഫീസറെ ഉണ്ടാകുള്ളു. ഹൗസ് സർജന്മാരാണ് കാഷ്വാലിറ്റിയിൽ എത്തുന്ന രോഗികളെ പരിശോധിക്കുന്നത്.
ദേശീയപാതയോരത്തായതിനാൽ അപകടങ്ങളിൽ പരിക്കേൽക്കുന്നവരെ നിരന്തരം എത്തിക്കും. അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ശസ്ത്രക്രിയ നടത്തേണ്ട കൺസൾട്ടന്റ് സർജൻ തസ്തിക അഞ്ചുണ്ടെങ്കിലും രണ്ടെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. തലയ്ക്ക് അടക്കം ഉണ്ടാകുന്ന ഗുരുതര പരിക്കുകൾ പരിശോധിക്കാനും ശസ്ത്രക്രിയ നടത്താനും ന്യൂറോ സർജന്റെ തസ്തികയേയില്ല. ന്യൂറോളജിസ്റ്റുണ്ടെങ്കിലും ഏത് സമയവും നിലയ്ക്കാവുന്ന വർക്കിംഗ് അറേഞ്ച്മെന്റ് സംവിധാനമാണ്.
റഫർ ചെയ്ത് തലയൂരൽ
ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ മൺറോത്തുരുത്ത് സ്വദേശിയെ തിങ്കളാഴ്ച രാവിലെ എട്ടേകാലോടെ എത്തിച്ചു
തലയിൽ തുന്നലിട്ട ശേഷം എക്സ്റേ പോലും എടുക്കാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ ശ്രമിച്ചു
ഇ.എസ്.ഐ ആനുകൂല്യമുള്ളതിനാൽ ബന്ധുക്കൾ ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലേക്ക് റഫറൻസ് വാങ്ങി
വാരിയെല്ലിനും വലത് കൈയ്ക്കും ഉണ്ടായ പൊട്ടലുകൾ പരിശോധിച്ചില്ല
ആശുപത്രിയിൽ നിന്ന് മാർഗനിർദേശങ്ങൾ ഇല്ലാഞ്ഞതിനാൽ കാര്യമായ ശ്രദ്ധയില്ലാതെയാണ് ഇ.എസ്.ഐയിലേക്കും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയത്
ഇത് വാരിയെല്ലിനിടയിൽ രക്തസ്രാവം രൂക്ഷമാക്കി