'അജിനോറ' ഓഫീസുകളിൽ ആദായ നികുതി റെയ്ഡ്

Friday 14 November 2025 12:50 AM IST

കൊച്ചി: വിദേശ വിദ്യാഭ്യാസം, തൊഴിൽ റിക്രൂട്ട്മെന്റ് മേഖലകളിൽ പ്രവർത്തിക്കുന്ന അജിനോറയുടെ 12 ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ വൻനികുതി വെട്ടിപ്പ് കണ്ടെത്തി. ആദായനികുതി റിട്ടേൺ സമർപ്പിക്കാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

ബുധനാഴ്ച ആരംഭിച്ച റെയ്ഡ് ഇന്നലെ വൈകിട്ട് വരെ നീണ്ടു. നികുതി വെട്ടിപ്പ് സംബന്ധിച്ച തെളിവുകളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറു വർഷത്തെ ഇടപാടുകളാണ് പരിശോധിക്കുന്നത്. നാലു വർഷമായി ആദായനികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ല. അതിന് മുമ്പ് സമർപ്പിച്ചത് പൂർണമല്ലെന്നും കണ്ടെത്തി. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചാലേ തട്ടിപ്പിന്റെ വ്യാപ്‌തി വ്യക്തമാകൂ. കോടികളുടെ വെട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം.

വിദേശങ്ങളിലേക്ക് വിദ്യാർത്ഥികളെ അയയ്‌ക്കുന്നതിനു പുറമേ ജർമ്മനിയിലേക്കും മറ്റും വ്യാവസായിക, കാർഷിക തൊഴിലാളികളെയും റിക്രൂട്ട് ചെയ്യുന്നുണ്ട്. ഏഴു മുതൽ 10 ലക്ഷം രൂപ വരെ വാങ്ങാറുണ്ടെങ്കിലും കണക്കിൽ പൂർണമായി കാണിക്കാറില്ലെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. കൊച്ചി ഇടപ്പള്ളിയിലെ ആസ്ഥാനത്തും രാജ്യത്തെ ശാഖകളിലുമാണ് റെയ്ഡ് നടത്തിയത്.